ഇന്ത്യ-കാനഡ ഉഭയകക്ഷി വ്യാപാരം അടുത്ത അഞ്ചുവർഷത്തിനകം 70 ബില്യൺ ഡോളറായി ഉയരുമെന്ന് കാനഡയുടെ അന്താരാഷ്ട്ര വ്യാപാര മന്ത്രി മനീന്ദർ സിദ്ധു. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) സംബന്ധിച്ച ചർച്ച അവസാനഘട്ടത്തിലാണെന്നും അദ്ദേഹം അറിയിച്ചു. ജി20 വ്യാപാര മന്ത്രിമാരുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
വ്യാപാര കരാറുമായി ബന്ധപ്പെട്ട അഞ്ചാംഘട്ട ചർച്ചകൾ ഒക്ടോബർ 5 തിങ്കളാഴ്ച ഓട്ടവയിൽ നടക്കും. കരാർ ചർച്ചകൾ വേഗത്തിലാക്കാൻ ഇരുരാജ്യങ്ങളും ധാരണയായതായി ഇന്ത്യൻ കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയലും വ്യക്തമാക്കി. ഏതാനും ദിവസങ്ങൾക്ക് മുമ്പ് മുംബൈയിൽ ഇരു മന്ത്രിമാരും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരു രാജ്യങ്ങളുടെയും സാമ്പത്തിക മേഖലയ്ക്ക് ഗുണകരമാകുന്ന രീതിയിലാണ് വ്യാപാര കരാർ തയ്യാറാക്കുന്നത്.







