ഇന്ത്യ-കാനഡ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിനായുള്ള (CEPA) അഞ്ചാം ഘട്ട ചർച്ച ഒക്ടോബർ 5-ന് ആരംഭിക്കുമെന്ന് ഇന്ത്യൻ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയൽ അറിയിച്ചു. വരുന്ന 90 ദിവസം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തിൽ വളരെ നിർണായകമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കരാറുമായി ബന്ധപ്പെട്ട നാലാം ഘട്ട ചർച്ച സെപ്റ്റംബർ 18-ന് ന്യൂഡൽഹിയിൽ പൂർത്തിയായി. ഈ വർഷം അവസാനത്തോടെ ചർച്ച പൂർത്തിയാക്കി കരാറിലെത്താനാണ് ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി കനേഡിയൻ അന്താരാഷ്ട്ര വ്യാപാര മന്ത്രി മനിന്ദർ സിദ്ധു കഴിഞ്ഞ ആഴ്ച മുംബൈയിലെത്തി പീയൂഷ് ഗോയലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
2025-ൽ ഇന്ത്യ-കാനഡ ഉഭയകക്ഷി വ്യാപാരം 30.4 ബില്യൺ ഡോളറിലെത്തിയിരുന്നു. 2030-ഓടെ ഇത് 70 ബില്യൺ ഡോളറായി ഇരട്ടിപ്പിക്കുകയാണ് പുതിയ കരാറിലൂടെ ലക്ഷ്യമിടുന്നത്. മരുന്നുകൾ, ഇരുമ്പ്, ഉരുക്ക്, കടൽവിഭവങ്ങൾ, വസ്ത്രങ്ങൾ, ഇലക്ട്രോണിക്സ്, ഐ.ടി സേവനങ്ങൾ എന്നിവയാണ് ഇന്ത്യ പ്രധാനമായും കാനഡയിലേക്ക് കയറ്റുമതി ചെയ്യുന്നത്. പരിപ്പ് വർഗ്ഗങ്ങൾ, രത്നങ്ങൾ, കൽക്കരി, രാസവളങ്ങൾ, ക്രൂഡ് പെട്രോളിയം എന്നിവയാണ് പ്രധാനമായും ഇറക്കുമതി ചെയ്യുന്നു.







