ഓഗസ്റ്റിൽ വാർഷിക പണപ്പെരുപ്പ നിരക്ക് 3 ശതമാനത്തിൽ മാറ്റമില്ലാതെ തുടർന്നതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ അറിയിച്ചു. ഇന്ധനവില വർധന കുറഞ്ഞെങ്കിലും വാടകയിലും യാത്രാച്ചെലവിലുമുണ്ടായ വർധന ആ കുറവിനെ നികത്തിയതോടെയാണ് പണപ്പെരുപ്പ നിരക്കിനെ പിടിച്ചു നിർത്തിയത്.
മധ്യേഷ്യയിലെ സംഘർഷം ഇന്ധനവിലയെ ബാധിക്കുന്നത് തുടരുന്നതിനാൽ ഓഗസ്റ്റിലും പെട്രോൾ വിലയിൽ വർധനയുണ്ടായെങ്കിലും മുൻമാസത്തെ അപേക്ഷിച്ച് കുറവായിരുന്നു. മുൻമാസത്തെ 25.7 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ ഓഗസ്റ്റിൽ വില വർധന 22.8 ശതമാനമായി കുറഞ്ഞതായി ഫെഡറൽ ഏജൻസി റിപ്പോർട്ട് ചെയ്തു. പെട്രോൾ വില ഒഴികെയുള്ള ഉപഭോക്തൃ വിലകളിൽ കഴിഞ്ഞ മാസം 2.4% വർധനയുണ്ടായി. രണ്ടു വർഷത്തിന് ശേഷം ഇതാദ്യമായി മൊത്തത്തിലുള്ള പണപ്പെരുപ്പ നിരക്കിനേക്കാൾ ഗ്രോസറി ഉൽപ്പന്നങ്ങളുടെ വില വർധന കുറഞ്ഞതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ അറിയിച്ചു. മുൻവർഷത്തെ അപേക്ഷിച്ച് ഇവയുടെ വിലയിൽ 2.8% വർധനവാണുണ്ടായത്.
എന്നാൽ, ഇന്ധന സർചാർജുകളിലുണ്ടായ വർധനവും, 2025-ൽ കാനഡയിൽ നിന്ന് അമേരിക്കയിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വലിയ കുറവിനനുസരിച്ച് വിമാനക്കമ്പനികൾ നിരക്കുകളിൽ വരുത്തിയ മാറ്റങ്ങളും കാരണം യാത്രയ്ക്കായി ഉപയോക്താക്കൾക്ക് കൂടുതൽ പണം ചെലവഴിക്കേണ്ടി വന്നതായി ഫെഡറൽ ഏജൻസി ചൂണ്ടിക്കാട്ടി. കൂടാതെ ജൂലൈയിൽ 2.5 ശതമാനമായിരുന്ന വാടക നിരക്ക് ഓഗസ്റ്റിൽ 2.8 ശതമാനമായി വർധിച്ചതായും റിപ്പോർട്ട് പറയുന്നു.







