മുൻ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പുതിയ മാധ്യമ-വിനോദ നിർമ്മാണ കമ്പനി ആരംഭിച്ചു. ട്രൂഡോയുടെ മുൻ ചീഫ് ഓഫ് സ്റ്റാഫ് കേറ്റി ടെൽഫോർഡിനൊപ്പമാണ് ‘ഹോപ്പ് & ഹാർഡ് വർക്ക്’ എന്ന പേരിൽ സിനിമാ-ടെലിവിഷൻ രംഗത്ത് പുതിയ അധ്യായത്തിന് തുടക്കം കുറിച്ചത്. 025-ൽ അവസാനിച്ച ട്രൂഡോയുടെ ഒമ്പത് വർഷത്തെ പ്രധാനമന്ത്രി കാലാവധിയിൽ ലിബറൽ പാർട്ടി ഉപയോഗിച്ചിരുന്ന മുദ്രാവാക്യത്തിൽ നിന്നാണ് ‘ഹോപ്പ് & ഹാർഡ് വർക്ക്’ എന്ന പേര് സ്വീകരിച്ചത്. മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയും ഭാര്യ മിഷേൽ ഒബാമയും 2018-ൽ ‘ഹയർ ഗ്രൗണ്ട്’ എന്ന നിർമ്മാണ കമ്പനി തുടങ്ങിയതിന് സമാനമായാണ് ട്രൂഡോയുടെയും ഈ പുതിയ നീക്കം.
സിനിമകൾ, ടെലിവിഷൻ പരമ്പരകൾ, ഡോക്യുമെൻ്ററികൾ എന്നിവ കമ്പനി നിർമ്മിക്കും. ചില പ്രോജക്ടുകളുടെ നിർമ്മാണം ഇതിനകം ആരംഭിച്ചിട്ടുണ്ട്. പെറി ചേഫിൻ്റെ ക്ലോസർ ബൈ ദി സീ എന്ന് പ്രശസ്തമായ നോവലിനെ ആസ്പദമാക്കിയുള്ള ടിവി പരമ്പരയും ഇതിലുണ്ട്. ടൊറൻ്റോ എഴുത്തുകാരി ഉസ്മ ജലാലുദ്ദീന്റെ ദുരൂഹത നിറഞ്ഞ ഡിറ്റക്ടീവ് ആൻ്റി എന്ന നോവലിന്റെ ദൃശ്യാവിഷ്കാരവും ഒരുക്കുന്നുണ്ട്. ഇതിൻ്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരായി ട്രൂഡോയും ടെൽഫോർഡും പ്രവർത്തിക്കും.







