ലെജിയണയേഴ്സ് രോഗം ബാധിച്ച് ന്യൂയോര്‍ക്ക് നഗരത്തില്‍ ഒരാള്‍ മരിച്ചതായി ആരോഗ്യവകുപ്പ് റിപ്പോർട്ട് ചെയ്തു. കൂടാതെ അഞ്ചുപേര്‍ക്ക് അണുബാധ സ്ഥിരീകരിച്ചിട്ടുണ്ട്. സൗത്ത് ബ്രോങ്ക്സിലെ മെല്‍റോസ്, മോറിസാനിയ മേഖലകളിലാണ് നിലവില്‍ അഞ്ച് കേസുകളും മരണവും സ്ഥിരീകരിച്ചിരിക്കുന്നത്. കൂടുതല്‍ കേസുകളുടെ പരിശോധനാ ഫലങ്ങള്‍ക്കായി ആരോഗ്യവകുപ്പ് കാത്തിരിക്കുകയാണ്. ഈ മേഖലയിലെ കൂളിങ് ടവറുകളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളുടെ പരിശോധനയും പുരോഗമിക്കുകയാണ്. രോഗലക്ഷണങ്ങളുള്ളവരില്‍ ലെജിയണയേഴ്സ് അണുബാധ സംശയിക്കുന്ന പക്ഷം ആവശ്യമായ പരിശോധനകള്‍ നടത്തണമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്കി.
അടുത്തിടെ മാന്‍ഹട്ടനിലെ അപ്പര്‍ ഈസ്റ്റ് സൈഡിലും ലെജിയണയേഴ്സ് അണുബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 90ലധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 11 പേര് മരിക്കുകയും ചെയ്ത ആ അണുബാധ ചില കെട്ടിടങ്ങളിലെ കൂളിങ് ടവറുകളിലുള്ള ബാക്ടീരിയയുമായി ബന്ധപ്പെട്ടതാണെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തിയിരുന്നു.
അടിയന്തര നടപടി സ്വീകരിച്ചുവരികയാണെന്നു ന്യൂയോര്‍ക്ക് സിറ്റി ഹെല്‍ത്ത് കമ്മിഷണര്‍ ഡോ. അലിസ്റ്റര്‍ എഫ്. മാര്ട്ടിന് പറഞ്ഞു. പരിശോധനയില്‍ ബാക്ടീരിയ കണ്ടെത്തുന്ന കൂളിങ് ടവറുകള്‍ ഉടന്‍ തന്നെ പൂര്‍ണമായി വൃത്തിയാക്കി അണുവിമുക്തമാക്കാന്‍ നിര്‍ദേശം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബാക്ടീരിയ കലര്‍ന്ന ജലത്തുള്ളികളിലൂടെയാണ് സാധാരണയായി രോഗബാധയുണ്ടാകുന്നത്. പനി, ചുമ, ശ്വാസതടസ്സം, പേശിവേദന തുടങ്ങിയ ലക്ഷണങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്.







