നാല്പതാം വാർഷികത്തിന്റെ നിറവിൽ നിൽക്കുന്ന ന്യൂയോർക്ക് മലയാളി സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന കൈരളി കപ്പ് സോക്കർ ടൂർണമെന്റ് ന്യൂഹൈഡ് പാർക്കിലെ ഡെന്റൺ അവന്യൂവിന് സമീപമുള്ള മൈക്കിൾ ജെ. ടള്ളി പാർക്കിൽ വെച്ച് (1801 Evergreen Ave, New Hyde Park, NY 11040) സെപ്റ്റംബർ 5 ശനിയാഴ്ച ആവേശോജ്ജ്വലമായി നടക്കുന്നു. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന മത്സരങ്ങളിൽ നിലവിലെ ചാമ്പ്യന്മാരായ ന്യൂയോർക്ക് ഐലൻഡേഴ്സ് ഉൾപ്പെടെ ഏഴ് പ്രമുഖ ടീമുകൾ ഏറ്റുമുട്ടും. ന്യൂജേഴ്സി ട്രൈ സ്റ്റേറ്റ് ഫുട്ബോൾ ക്ലബ്ബ്, ന്യൂ ഇംഗ്ലണ്ട് NEMM ഫുട്ബോൾ ക്ലബ്ബ്, ഫിലാഡൽഫിയ ആർസെനൽസ്, വെസ്റ്റ് ചെസ്റ്റർ ചലഞ്ചേഴ്സ്, റോക്ലാൻഡ് തടിയൻസ് ഫുട്ബോൾ ക്ലബ്ബ്, ന്യൂയോർക്ക് റെഞ്ചേഴ്സ് എന്നിവയാണ് ഗ്രൗണ്ടിൽ വാശിയേറിയ പോരാട്ടം നയിക്കുന്ന മറ്റ് ടീമുകൾ. പ്രവേശനം തികച്ചും സൗജന്യമായ ഈ കായികമാമാങ്കത്തിലേക്ക് എല്ലാ സ്പോർട്സ് പ്രേമികളെയും കളിക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനായി സംഘാടകർ ക്ഷണിക്കുന്നു.
കായിക മേഖലയിലൂടെ കുട്ടികളെയും യുവാക്കളെയും ലഹരി പദാർത്ഥങ്ങളുടെ പിടിയിൽ നിന്ന് അകറ്റി നിർത്തി, മികച്ച പരിശീലനം നൽകി സമൂഹത്തിന് ഉപകാരപ്രദമായ നല്ല പൗരന്മാരായി വളർത്തിയെടുക്കുകയാണ് കഴിഞ്ഞ നാല്പത് വർഷങ്ങളായി ക്ലബ്ബ് ലക്ഷ്യമിടുന്നതെന്ന് പ്രസിഡന്റ് സജി തോമസ് വ്യക്തമാക്കി. സോക്കറിന് പുറമെ ബാസ്കറ്റ്ബോൾ, ക്രിക്കറ്റ്, ബാഡ്മിന്റൺ, വോളിബോൾ തുടങ്ങിയ ഇനങ്ങളിലും ക്ലബ്ബ് പരിശീലനം നൽകുകയും ദേശീയ തലത്തിലുള്ള മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നുണ്ട്. സാമ്പത്തിക പരിമിതികൾ മൂലം മറ്റ് സംസ്ഥാനങ്ങളിലെ മത്സരങ്ങളിൽ പങ്കാളികളാകുന്നതിനും കൂടുതൽ പരിശീലനങ്ങൾ നൽകുന്നതിനും ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെങ്കിലും, ഭാരവാഹികളും മാതാപിതാക്കളും സ്വന്തം നിലയിൽ ചെലവുകൾ വഹിച്ചാണ് ഈ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നത്.
പ്രസിഡന്റ് സജി തോമസിനൊപ്പം സെക്രട്ടറി സക്കറിയ മത്തായി, ട്രഷറർ മാത്യു ചേരാവള്ളിയിൽ, വൈസ് പ്രസിഡന്റുമാരായ റാലു നൈനാൻ, സന്തോഷ് കെ. ഫിലിപ്പ്, ഈപ്പൻ ചാക്കോ, ജോയിന്റ് സെക്രട്ടറി ജീൻസ് ജോസഫ് എന്നിവരും വിവിധ ടീം കോർഡിനേറ്റർമാരായ ജേക്കബ് വർക്കി, കാൽവിൻ സാം, ബിജു ഫിലിപ്പ്, ലീജോ കള്ളിക്കാടൻ, റയാൻ ഉമ്മൻ എന്നിവരും ചേർന്നാണ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഉപദേശക സമിതി അംഗങ്ങളായ ജോസ് കള്ളിക്കാടൻ, വർഗ്ഗീസ് മാത്യു, റെജി ജോർജ്, ജോൺ ജോസഫ്, ഷെറിൻ എബ്രഹാം, രാജു പറമ്പിൽ, ജേക്കബ് എബ്രഹാം, രേഖ ജേക്കബ്, പ്രദീപ് ജോസഫ്, ബിജു മാത്യു, ഓഡിറ്റർ ബിജു ചാക്കോ എന്നിവരും ടൂർണമെന്റിന്റെ സുഗമമായ നടത്തിപ്പിനായി പ്രവർത്തിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സജി (646-591-8465), സാക്ക് (917-208-1714), ലീജോ (973-202-5788), ഷെറി (516-587-1403), ബെൻ (516-514-9584) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.







