കാനഡയിലുടനീളം വിറ്റഴിച്ച പതിനായിരക്കണക്കിന് പവർ ബാങ്കുകൾ തീപിടുത്തത്തിന് സാധ്യതയുള്ളതിനാൽ തിരിച്ചുവിളിച്ചതായി ഹെൽത്ത് കാനഡ റിപ്പോർട്ട് ചെയ്തു. ഹോംസെൻസ്, വിന്നേഴ്സ് ആൻഡ് മാർഷൽസ് എന്നിവിടങ്ങളിൽ വിറ്റ 30,000 യൂണിറ്റ് XO പോപ്പി 5000 mAH മാഗ്സേഫ് പവർബാങ്കുകൾക്കാണ് മുന്നറിയിപ്പ് ബാധകമാവുക. ഈ പവർ ബാങ്കുകൾ വിവിധ നിറങ്ങളിലും പ്രിൻ്റുകളിലുമുള്ളവയാണ്. കൂടാതെ അതിൽ ഒരു USB-C ചാർജിങ് കേബിളും ഉൾപ്പെടുന്നുണ്ട്.
പവർ ബാങ്കിന്റെ ലിഥിയം-അയൺ ബാറ്ററി ചാർജ് ചെയ്യുമ്പോൾ അമിതമായി ചൂടാകുകയും ഉരുകുകയും തീപിടുത്തത്തിനും പൊള്ളലിനും കാരണമാകുകയും ചെയ്തേക്കാമെന്ന് ഹെൽത്ത് കാനഡ പറയുന്നു. 2024 മെയ് മുതൽ 2026 മാർച്ച് വരെ കാനഡയിൽ വിറ്റ ഈ ഉൽപ്പന്നങ്ങൾ യഥാർത്ഥത്തിൽ വിയറ്റ്നാമിലാണ് നിർമ്മിച്ചത്. ഓഗസ്റ്റ് 11 വരെ, കാനഡയിൽ ഈ പവർ ബാങ്കുകളുമായി ബന്ധപ്പെട്ട് അപകടങ്ങളോ പരുക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കമ്പനി അറിയിച്ചു.
ഉപയോക്താക്കൾ ഉടൻ തിരിച്ചുവിളിച്ച പവർ ബാങ്കുകൾ ഉപയോഗിക്കുന്നത് നിർത്തണം. റീഫണ്ടിനായി ഏതെങ്കിലും ഹോംസെൻസ്, വിന്നേഴ്സ് ആൻഡ് മാർഷൽസ് സ്റ്റോറിൽ തിരികെ നൽകണമെന്നും ഫെഡറൽ ഏജൻസി നിർദ്ദേശിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഉപയോക്താക്കൾക്ക് തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ TJX കാനഡയുടെ ടോൾ ഫ്രീ നമ്പറായ 1-800-646-9466-ൽ ബന്ധപ്പെടാം.







