നാല് മാസം മുമ്പ് നോവസ്കോഷ നിയമസഭയിൽ ബജറ്റ് ചർച്ചക്കിടെയുണ്ടായ പ്രതിഷേധത്തിൽ സഭാനടപടികൾ തടസ്സപ്പെട്ട സംഭവത്തിൽ 36 പേർക്ക് വിലക്ക് ഏർപ്പെടുത്തിയതായി സ്പീക്കർ ഡാനിയേൽ ബാർക്ക്ഹൗസ് അറിയിച്ചു. മാർച്ച് 24-ന് ബജറ്റ് ബില്ലിന്മേൽ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് ഗാലറിയിലിരുന്ന് ഒരു സംഘം പ്രതിഷേധക്കാർ പാട്ടുപാടി സഭാനടപടികൾ തടസ്സപ്പെടുത്തിയത്. തുടർന്ന് സഭ അടുത്ത ദിവസത്തേക്ക് നിർത്തിവെക്കാൻ സ്പീക്കർ നിർബന്ധിതയാവുകയായിരുന്നു. സഭ നിർത്തിവെച്ചതിനു ശേഷവും ചില പ്രതിഷേധക്കാർ ജനപ്രതിനിധികൾക്കെതിരെ ബഹളം വെക്കുകയും പ്രൊവിൻസ് ഹൗസ് വളപ്പിൽ നിന്ന് വാഹനങ്ങൾ പുറത്തുപോകുന്നത് തടയുകയും ചെയ്തിരുന്നു.
സെക്യൂരിറ്റി ഫൂട്ടേജുകളും മറ്റ് വിവരങ്ങളും വിശദമായി പരിശോധിച്ചമാണ് നിലവിൽ നടപടി സ്വീകരിച്ചിരിക്കുന്നത്. ജനപ്രതിനിധികളെ ചീത്തവിളിച്ചവർക്ക് ഒരു വർഷവും, പ്രതിഷേധത്തിൽ പങ്കെടുത്തവർക്ക് ആറ് മാസവും, ഗാലറി ഒഴിയാൻ ആവശ്യപ്പെട്ടിട്ടും പുറത്തുപോകാതിരുന്നവർക്ക് മൂന്ന് മാസവുമാണ് വിലക്ക്. സെപ്റ്റംബർ 8-ന് നിയമസഭാ സമ്മേളനം കൂടാനിരിക്കെയാണ് നടപടി.







