ഇ.കോളി അണുബാധയെ തുടർന്ന് കാൽഗറി കാസ്ലെറിഡ്ജിലെ പ്രൈറി വിൻഡ്സ് പാർക്കിലെ സ്പ്ലാഷ് പാഡ് താൽക്കാലികമായി അടച്ചുപൂട്ടി. നിലവിൽ മൂന്ന് കേസുകൾ റിപ്പോർട്ട് ചെയ്തതായി ആൽബർട്ട സർക്കാർ റിപ്പോർട്ട് ചെയ്തു. 2023-ൽ കാൽഗറി ഡേകെയറുകളിലെ നൂറുകണക്കിന് പ്രാദേശിക കുട്ടികളെ ബാധിച്ച ഷിഗ ടോക്സിൻ ഉത്പാദിപ്പിക്കുന്ന ഇ.കോളിയാണ് രോഗകാരണമെന്നും അധികൃതർ അറിയിച്ചു.
ജൂലൈ 25 നും ഓഗസ്റ്റ് 4 നും ഇടയിൽ വാട്ടർ പാർക്ക് സന്ദർശിച്ചവർക്ക് ബാക്ടീരിയ ബാധിച്ചിരിക്കാമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. അതേസമയം പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ പാർക്കിൽ പരിശോധന നടത്തുകയും രോഗവ്യാപനം തടയാൻ വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. ഓഗസ്റ്റ് 7 മുതൽ ഒരു ആഴ്ചത്തേക്കാണ് സ്പ്ലാഷ് പാഡ് അടച്ചിടുന്നത്. ഈ സമയത്ത് ഉദ്യോഗസ്ഥർ അന്വേഷണം തുടരുകയും കൂടുതൽ വൃത്തിയാക്കലും പരിശോധനയും പൂർത്തിയാക്കുകയും ചെയ്യും.
കടുത്ത വയറുവേദന, വയറിളക്കം (ചിലപ്പോൾ രക്തം കലർന്നത്), ഓക്കാനം അല്ലെങ്കിൽ ഛർദ്ദി, ക്ഷീണം, പനി എന്നിവയാണ് ഇ.കോളി അണുബാധയുടെ പ്രധാന ലക്ഷണങ്ങൾ. മലിനമായ ഭക്ഷണത്തിലൂടെയോ വെള്ളത്തിലൂടെയോ ആണ് ഇത് പകരുന്നത്. അണുബാധ പടരുന്നത് തടയാനുള്ള ഏറ്റവും നല്ല മാർഗം സോപ്പ് വെള്ളത്തിൽ കൈകൾ ഇടയ്ക്കിടെ കഴുകുക, ഭക്ഷണം തയ്യാറാക്കുന്നതിന് മുമ്പും ശേഷവും എല്ലാ അടുക്കള ഉപകരണങ്ങളും പ്രതലങ്ങളും നന്നായി കഴുകുക എന്നിവയാണ്.







