ബിസിനസിലുണ്ടായ സാമ്പത്തിക നഷ്ടം നികത്താനും പുതിയ സംരംഭം തുടങ്ങാനും പണം കണ്ടെത്താനായി ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളെ ലക്ഷ്യമിട്ട് കവർച്ച നടത്തിവന്ന സംഘത്തിലെ പ്രധാനി അറസ്റ്റിൽ. നരിക്കുനി ചെമ്പക്കുന്ന് സ്വദേശിയായ പുത്തൻവീട്ടിൽ മണികണ്ഠനെയാണ് (25) പോലീസ് സാഹസികമായി പിടികൂടിയത്. സിറ്റി പോലീസ് കമ്മീഷണർ എ.പി. ഷൗക്കത്തലി ഐപിഎസിന്റെ മേൽനോട്ടത്തിൽ ക്രൈം സ്ക്വാഡും കുന്ദമംഗലം പോലീസും ചേർന്നാണ് പ്രതിയെ വലയിലാക്കിയത്.
കഴിഞ്ഞ മാസം 19-ന് വരറ്റ്യാക്ക് ചേലൂർ തടായി റോഡിലൂടെ നടന്നുപോയ യാത്രക്കാരിയുടെ ഒരു പവന്റെ സ്വർണ്ണമാല ബൈക്കിലെത്തിയ സംഘം കവരുകയായിരുന്നു. പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാനായി ഉൾവഴികളിലൂടെ 40 കിലോമീറ്ററോളം സഞ്ചരിച്ചാണ് പ്രതികൾ തങ്ങളുടെ താവളത്തിലെത്തിയത്. എന്നാൽ, ഈ വഴികളിലെ ഇരുനൂറിലധികം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പോലീസ് പ്രതികളെ കൃത്യമായി തിരിച്ചറിയുകയായിരുന്നു. കോഴിക്കോട് റൂറലിലും കുന്ദമംഗലം സ്റ്റേഷൻ പരിധിയിലുമായി സമാനരീതിയിൽ നടന്ന നാലോളം കവർച്ചകൾക്ക് പിന്നിൽ ഈ സംഘമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.
പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയതോടെ പ്രതികൾ തമിഴ്നാട്ടിലേക്ക് കടന്നു. അന്വേഷണസംഘം അവിടെയെത്തിയെങ്കിലും മണികണ്ഠൻ രഹസ്യമായി കേരളത്തിലേക്ക് മടങ്ങുകയായിരുന്നു. തുടർന്ന് വിവരമറിഞ്ഞ ക്രൈം സ്ക്വാഡ് കോഴിക്കോട് പാവമണി റോഡിൽ വെച്ച് ഇയാളെ പിടികൂടുകയായിരുന്നു. കേസിൽ ഒളിവിലുള്ള മുഖ്യപ്രതിയെക്കുറിച്ച് സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും ഇയാളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചു. കുന്ദമംഗലം എസ്.ഐ മാത്യു, സിപിഒമാരായ അരുൺ പ്രസാദ്, ശ്രീജിത്ത്, മറ്റ് ക്രൈം സ്ക്വാഡ്-സൈബർ വിഭാഗം ഉദ്യോഗസ്ഥർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.







