പടിഞ്ഞാറൻ യൂറോപ്പിനെ പ്രതിസന്ധിയിലാക്കിയ ഉഷ്ണതരംഗത്തിൽ പതിനായിരത്തിലധികം ആളുകൾ മരിച്ചതായി റിപ്പോർട്ട്. യൂറോപ്യൻ രാജ്യങ്ങളിൽ ഒരാഴ്ചക്കിടെ 10,650-ലധികം മരണങ്ങൾ രേഖപ്പെടുത്തിയതായി യൂറോപ്യൻ സെന്‍റർ ഫോർ ഡിസീസ് പ്രിവൻഷൻ ആൻഡ് കൺട്രോൾ , ലോകാരോഗ്യ സംഘടന എന്നിവയുടെ പിന്തുണയുള്ള യൂറോമോമോ (EuroMOMO) പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ജൂൺ 22 മുതൽ 28 വരെയുള്ള ആഴ്ചയിലെ മരണനിരക്കാണിത്. ഫ്രാൻസ്, സ്‌പെയിൻ, ബ്രിട്ടൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിലാണ് ഉഷ്ണതരംഗം ഏറ്റവും കൂടുതൽ രൂക്ഷമായി അനുഭവപ്പെട്ടത്. മരിച്ചവരിൽ 9,000-ത്തിലധികം പേർ 65 വയസിന് മുകളിലുള്ളവരാണ്. കടുത്ത ചൂട് മൂലം ഹീറ്റ് സ്ട്രോക്ക്, നിർജലീകരണം, ഹൃദ്രോഗം, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ എന്നിവ ഗുരുതരമാകുന്നതാണ് മരണനിരക്ക് ഉയരാൻ പ്രധാന കാരണം.
ഉഷ്ണതരംഗം ദൈനംദിന ജീവിതത്തെയും സാരമായി ബാധിച്ചു. ഫ്രാൻസ്, സ്‌പെയിൻ, ബ്രിട്ടൻ എന്നിവിടങ്ങളിൽ വൈദ്യുതി വിതരണത്തിൽ തടസ്സമുണ്ടായി. നിരവധി സ്കൂളുകൾ അടച്ചിടേണ്ടിവന്നു. പല നഗരങ്ങളിലും ചരിത്രത്തിലെ ഏറ്റവും ഉയർന്ന താപനിലകൾ രേഖപ്പെടുത്തി. അതേസമയം രാജ്യങ്ങൾ തിരിച്ചുള്ള കണക്കുകൾ യൂറോമോമോ പ്രസിദ്ധീകരിച്ചിട്ടില്ല.







