newsroom@amcainnews.com

ഉഷ്ണതരംഗം, കനത്ത മഴ, മിന്നല്‍ പ്രളയം: കാലാവസ്ഥാ വ്യതിയാനത്തിൽ വലഞ്ഞ് യുഎസ്

കാലാവസ്ഥാ വ്യതിയാനത്തിൽ വലഞ്ഞ് യുഎസ്. ടെന്നസി മുതല്‍ വെസ്റ്റ് വിര്‍ജീനിയ വരെയുളള പ്രദേശങ്ങളില്‍ അതിശക്തമായ മഴയും ഇടിമിന്നലും തുടരുമ്പോൾ അമേരിക്കയുടെ പടിഞ്ഞാറന്‍ മേഖലകളിലും വടക്കന്‍ സമതല പ്രദേശങ്ങളിലും അതിശക്തമായ ചൂട് അനുഭവപ്പെടുകയാണ്.

ടെന്നസി മുതല്‍ വെസ്റ്റ് വിര്‍ജീനിയ വരെയുള്ള മേഖലയില്‍ ഞായറാഴ്ച്ചയും അതിശക്തമായ മഴ പെയ്തതോടെ വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്നതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാഷ്വില്‍, ലെക്‌സിങ്ടണ്‍, വെസ്റ്റ് വിര്‍ജീനിയയിലെ ചാള്‍സ്റ്റണ്‍ എന്നിവ ഉള്‍പ്പെടെയുള്ള നിരവധി നഗരങ്ങളില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ് തുടരുകയാണ്. തെക്കന്‍ വെസ്റ്റ് വിര്‍ജീനിയയിലെ ഹണ്ടിങ്ടണ്‍ നഗരത്തിലും സമീപ പ്രദേശങ്ങളിലും മിന്നൽ പ്രളയ ഭീതിയിലാണ്.

കരോലിന സംസ്ഥാനത്തും ഷാര്‍ലറ്റ്, ചാള്‍സ്റ്റണ്‍, ജോര്‍ജിയയിലെ സവാന എന്നിവിടങ്ങളിലും ഇടിമിന്നലിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു. വാരാന്ത്യത്തില്‍ മിസൗറി സംസ്ഥാനത്തു കനത്ത വെള്ളപ്പൊക്കമുണ്ടായി. നൂറുകണക്കിന് പേരെ രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി. റെനോള്‍ഡ്‌സ് കൗണ്ടിയിലെ ക്യാമ്പ് ടോം സോക് എന്ന ക്യാമ്പിലുണ്ടായിരുന്ന 160-ലധികം കൗമാരക്കാരെയും സുരക്ഷിതരായി മാറ്റിയതായി അധികൃതര്‍ അറിയിച്ചു. മിസോറിയിലെ ക്രോഫോര്‍ഡ് കൗണ്ടിയില്‍ കാണാതായ ഫെയ്ത് ഗ്രിഗറി എന്ന യുവതിയുടെ മൃതദേഹം കണ്ടെത്തിയതായി കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു.

അതേസമയം മൊണ്ടാന മുതല്‍ മിന്നസോട്ട വരെ നിരവധി സ്ഥലങ്ങളില്‍ റിക്കാര്‍ഡ് ചൂട് അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധര്‍ മുന്നറിയിപ്പ് നൽകി. തെക്കന്‍ കാലിഫോര്‍ണിയ മുതല്‍ മൊണ്ടാനയും മിന്നസോട്ടയും വരെ ചൂട് മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. യൂട്ടാ, കിഴക്കന്‍ മൊണ്ടാന, മിന്നസോട്ട എന്നിവിടങ്ങളിലെ നിരവധി പ്രദേശങ്ങളില്‍ അതിതീവ്ര ചൂട് മുന്നറിയിപ്പും നിലവിലുണ്ട്. സാള്‍ട്ട് ലേക്ക് സിറ്റി, ബില്ലിംഗ്‌സ്, ബിസ്മാര്‍ക്ക്, ഡുലൂത്ത് എന്നിവിടങ്ങളിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഞായറാഴ്ച ഉച്ചയോടെ ഇന്‍റര്‍മൗണ്ടന്‍ വെസ്റ്റിലെ പല പ്രദേശങ്ങളിലും താപനില 100 ഡിഗ്രി ഫാരന്‍ഹീറ്റിന് മുകളിലെത്തി. മൊണ്ടാനയുടെയും വയോമിങിന്‍റെയും ചില ഭാഗങ്ങളില്‍ 110 ഡിഗ്രി ഫാരന്‍ഹീറ്റും കടന്നു.

തിങ്കളാഴ്ച മുതല്‍ അതിശക്തമായ ചൂട് ഡക്കോട്ട സംസ്ഥാനങ്ങളിലേക്കും മിഡ്വെസ്റ്റിലേക്കും വ്യാപിക്കുമെന്നാണ് പ്രവചനം. നോര്‍ത്ത് ഡക്കോട്ടയിലെ ഫാര്‍ഗോയില്‍ താപനില ഏകദേശം 100 ഡിഗ്രി ഫാരന്‍ഹീറ്റിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. അതിതീവ്ര ചൂടും വരണ്ട കാലാവസ്ഥയും ശക്തമായ കാറ്റും വാഷിങ്ടണ്‍, ഒറിഗണ്‍ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെയുള്ള വടക്കുപടിഞ്ഞാറന്‍ മേഖലകളില്‍ കാട്ടുതീ ഭീഷണി വര്‍ധിപ്പിക്കുകയാണ്. അമേരിക്കയുടെ പടിഞ്ഞാറന്‍ മേഖലയുടെ മൂന്നില്‍ രണ്ട് ഭാഗത്തിലേറെയും വരള്‍ച്ച അനുഭവിക്കുകയാണ്.

You might also like

റിയർ-വ്യൂ ഇമേജ് ഡിസ്‌പ്ലേ തകരാർ: കാനഡയിലും യുഎസിലും ഹോണ്ട വാഹനങ്ങൾ തിരിച്ചുവിളിച്ചു

ഫ്രഞ്ച് ലാം​​​ഗ്വേജ് പ്രൊവിഷ്യൻസി എക്സ്പ്രസ് എൻട്രി നറുക്കെടുപ്പ്: 5,000 അപേക്ഷകർക്ക് ഇൻവിറ്റേഷൻ

മുൻ ടൊറൻ്റോ മേയർ റോബ് ഫോർഡിന്‍റെ ഭാര്യ റെനാറ്റ ഫോർഡ് നിര്യാതയായി

കാനഡയിൽ ബീഫ് വാങ്ങിയവർ ശ്രദ്ധിക്കുക; നഷ്ടപരിഹാരം ഉടൻ

ഇറാൻ-യുഎസ് സംഘർഷം: കാനഡയിൽ ഇന്ധനവില വർധനയ്ക്ക് സാധ്യത

ഇറാനെതിരായ യു എസ് ആക്രമണത്തെ പിന്തുണച്ച് മാർക്ക് കാർണി

Top Picks for You
Top Picks for You