തെക്കൻ കാലിഫോർണിയയിലെ മൊജാവേ മരുഭൂമിയിലുള്ള യുഎസ് വ്യോമസേനാ താവളത്തിൽ നിന്നും പറന്നുയർന്നതിന് തൊട്ടുപിന്നാലെ ബി-52 ബോംബർ വിമാനം തകർന്നുവീണു. എഡ്വേർഡ്സ് എയർഫോഴ്സ് ബേസിൽനിന്ന് പറന്നുയർന്ന ബി-52 സ്ട്രാറ്റോഫോർട്രസ് (B-52 Stratofortress) ബോംബർ വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന എട്ടുപേരും മരിച്ചതായി സൈനിക ഉദ്യോഗസ്ഥർ അറിയിച്ചു. തിങ്കളാഴ്ച രാവിലെ 11:20-ഓടെയാണ് അപകടം.
1955-ൽ സേനയുടെ ഭാഗമായ, ദീർഘദൂര ആക്രമണശേഷിയുള്ള വിമാനമാണ് ബി-52. വിയറ്റ്നാം യുദ്ധം മുതൽ മിഡിൽ ഈസ്റ്റിലെ സമീപകാല ഓപ്പറേഷനുകൾ വരെ നിരവധി സൈനിക നീക്കങ്ങളിൽ ഈ വിമാനങ്ങൾ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. ലോസ് ഏഞ്ചൽസിന് 100 മൈൽ വടക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന എഡ്വേർഡ്സ് എയർഫോഴ്സ് ബേസ്, അമേരിക്കയുടെ പ്രധാനപ്പെട്ട സൈനിക പരീക്ഷണ കേന്ദ്രങ്ങളിൽ ഒന്നാണ്. അന്വേഷണം ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി.






