അമേരിക്കയുടെ കിഴക്കന്‍ തീരമേഖലയില്‍ അതിശക്തമായ കൊടുങ്കാറ്റ് സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. വടക്കന്‍ ജോര്‍ജിയ മുതല്‍ മെയ്ൻ വരെ വ്യാപിച്ചുകിടക്കുന്ന മേഖലയിലെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്. ഈ മേഖലയിൽ അതിശക്തമായ കാറ്റ്, ആലിപ്പഴത്തോടുകൂടിയ മഴ, ഇടിമിന്നല്‍ എന്നിവയ്ക്കും സാധ്യതയുണ്ട്. ന്യൂയോര്‍ക്ക് സിറ്റി, അല്‍ബാനി, പിറ്റ്‌സ്ബര്‍ഗ്, ഫിലാഡല്‍ഫിയ, വാഷിംഗടണ്‍ തുടങ്ങിയ പ്രധാന നഗരങ്ങളെ കൊടുങ്കാറ്റ് ബാധിക്കാന്‍ സാധ്യതയുണ്ട്. ഓഹിയോ, ടെന്നിസി എന്നിവിടങ്ങളില്‍ നിന്നാവും കാറ്റിനു തുടക്കം.
മധ്യ അമേരിക്കയില്‍ ശനിയാഴ്ച്ച ശക്തമായ കാറ്റ് വലിയ നാശനഷ്ടം വിതച്ചിരുന്നു. മിസോറി, കന്‍സാസ് എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 75 മൈല്‍ വേഗത്തില്‍ കാറ്റ് വീശി. തെക്കന്‍ അമേരിക്കയിലും വ്യാപക മഴയ്ക്ക് സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ടെക്സസ് മുതല്‍ ജോര്‍ജിയ വരെയുളള മേഖലയിൽ ചൊവ്വാഴ്ച്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.






