തിരുവനന്തപുരം: കഴിഞ്ഞ ഇടതുപക്ഷ സർക്കാർ വിഭാവനം ചെയ്ത ‘സിൽവർ ലൈൻ’ പദ്ധതി ഉപേക്ഷിച്ച്, സംസ്ഥാനത്ത് പുതിയ അതിവേഗ റെയിൽ പാത യാഥാർത്ഥ്യമാക്കാനുള്ള നീക്കങ്ങളുമായി യുഡിഎഫ് സർക്കാർ മുന്നോട്ട്. ഇതിന്റെ ഭാഗമായി ‘മെട്രോമാൻ’ ഇ. ശ്രീധരനും മുഖ്യമന്ത്രി വി.ഡി. സതീശനും തമ്മിലുള്ള നിർണായക കൂടിക്കാഴ്ച ഇന്ന് വൈകിട്ട് തിരുവനന്തപുരത്ത് നടക്കും. പദ്ധതിക്കായി ഇ. ശ്രീധരൻ തയ്യാറാക്കിയ ബദൽ പാതയുടെ രൂപരേഖയാണ് പ്രധാനമായും ഈ ചർച്ചയിൽ പരിഗണിക്കുന്നത്.
വികസനകാര്യങ്ങളിൽ രാഷ്ട്രീയത്തിന് അതീതമായി സർക്കാരുമായി സഹകരിക്കാൻ താൻ തയ്യാറാണെന്ന് ഇ. ശ്രീധരൻ നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം പൊന്നാനി എം.എൽ.എ കെ.പി. നൗഷാദ് അലി അദ്ദേഹത്തിന്റെ വസതി സന്ദർശിച്ചപ്പോഴാണ് ഈ സന്നദ്ധത അറിയിച്ചത്. വികസന പദ്ധതികളിൽ രാഷ്ട്രീയ വേർതിരിവുകൾ ആവശ്യമില്ലെന്ന് നൗഷാദ് അലിയും ഈ കൂടിക്കാഴ്ചയിൽ പ്രതികരിച്ചിരുന്നു. സിൽവർ ലൈനിന് പകരമായി ഇ. ശ്രീധരൻ മുൻപ് മുന്നോട്ടുവെച്ച ഈ ബദൽ പദ്ധതിയുടെ ബ്ലൂപ്രിന്റ് ചർച്ച ചെയ്യാൻ മുൻ എൽഡിഎഫ് സർക്കാർ തയ്യാറായിരുന്നില്ല എന്ന പശ്ചാത്തലത്തിലാണ് പുതിയ സർക്കാരിന്റെ ഈ വേഗത്തിലുള്ള നീക്കം.






