newsroom@amcainnews.com

ചൈനയിലെ കല്‍ക്കരി ഖനിയിലെ സ്‌ഫോടനം:  മരണം 82

ബീജിങ്: വടക്കന്‍ ചൈനയിലെ ഷാന്‍സി പ്രവിശ്യയിലുള്ള കല്‍ക്കരി ഖനിയിലുണ്ടായ ശക്തമായ വാതക സ്‌ഫോടനത്തില്‍  82 തൊഴിലാളികള്‍ കൊല്ലപ്പെടുകയും രണ്ട് പേരെ കാണാതാവുകയും ചെയ്തു. ആദ്യം 90 പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും, തുടക്കത്തിലുണ്ടായ ആശയക്കുഴപ്പം മൂലമാണ് കണക്കുകളില്‍ വ്യത്യാസം വന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. സ്‌ഫോടനം നടക്കുമ്പോള്‍ 247 തൊഴിലാളികള്‍ ഖനിക്കുള്ളില്‍ ജോലിയിലുണ്ടായിരുന്നു. ഇതില്‍ നൂറിലധികം പേരെ രക്ഷപ്പെടുത്താന്‍ സാധിച്ചിട്ടുണ്ട്. 2009-ന് ശേഷം ചൈനയിലുണ്ടാകുന്ന ഏറ്റവും വലിയ ഖനി ദുരന്തമാണിത്.

അപകടത്തില്‍ പരുക്കേറ്റ 128 പേര്‍ നിലവില്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതില്‍ രണ്ട് പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. ഖനിക്കുള്ളില്‍ ഉയര്‍ന്ന മാരകമായ വിഷവാതകം ശ്വസിച്ചതാണ് ഭൂരിഭാഗം പേരുടെയും ആരോഗ്യനില വഷളാക്കിയത്. അപകടം നടന്നയുടന്‍ തന്നെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാനും പരുക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും നിര്‍ദ്ദേശം നല്‍കി. സംഭവത്തെക്കുറിച്ച് സമഗ്രവും കര്‍ശനവുമായ അന്വേഷണം നടത്തുമെന്നും വീഴ്ച വരുത്തിയവര്‍ക്കെതിരെ കടുത്ത ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്നും ചൈനീസ് സ്റ്റേറ്റ് കൗണ്‍സില്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി ഖനിയുടെ മാനേജ്മെന്റ് ചുമതലയിലുള്ള ചിലരെ പോലീസ് ഇതിനകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കാര്‍ബണ്‍ മോണോക്‌സൈഡ് ഉള്‍പ്പെടെയുള്ള വിഷവാതകങ്ങളുടെ അളവ് ഖനിക്കുള്ളില്‍ പരിധിയിലധികം ഉയര്‍ന്നതാണ് സ്‌ഫോടനത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. നിലവില്‍ ഇന്‍ഫ്രാറെഡ് ക്യാമറകളും ഗ്യാസ് സെന്‍സറുകളും ഘടിപ്പിച്ച അത്യാധുനിക റോബോട്ടുകളെ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തകര്‍ മനുഷ്യര്‍ക്ക് എത്തിപ്പെടാന്‍ സാധിക്കാത്ത ഖനിയുടെ ഉള്‍ഭാഗങ്ങളില്‍ പരിശോധന നടത്തുന്നത്. എന്നാല്‍ സ്‌ഫോടനം നടന്ന സ്ഥലത്തിന് സമീപം വെള്ളം കെട്ടിക്കിടക്കുന്നതും ഖനിയുടെ യഥാര്‍ത്ഥ ഘടനയും അധികൃതര്‍ നല്‍കിയ മാപ്പും തമ്മിലുള്ള വൈരുദ്ധ്യവും രക്ഷാപ്രവര്‍ത്തനത്തിന് വലിയ തടസ്സം സൃഷ്ടിക്കുന്നുണ്ട്.

ചൈനയിലെ മൊത്തം കല്‍ക്കരി ഉല്‍പ്പാദനത്തിന്റെ നാലിലൊന്നും നടക്കുന്നത് ഷാന്‍ക്‌സി പ്രവിശ്യയിലാണ്. അപകടത്തെത്തുടര്‍ന്ന് പ്രവിശ്യയിലെ മുഴുവന്‍ കല്‍ക്കരി ഖനികളിലും അടിയന്തിര സുരക്ഷാ പരിശോധനയ്ക്ക് ഉത്തരവിട്ടിട്ടുണ്ട്. കൂടാതെ അപകടം നടന്ന ലിയുഷെന്യൂ ഖനിയുടെ ചുമതലയുള്ള ടോങ്ഷൗ ഗ്രൂപ്പിന്റെ കീഴിലുള്ള നാല് ഖനികളുടെയും പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെപ്പിച്ചു. സുരക്ഷാവീഴ്ചകളുടെ പേരില്‍ ഈ ഖനി മുന്‍പും അധികൃതരുടെ നിരീക്ഷണത്തിലായിരുന്നു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, റഷ്യന്‍ നേതാവ് വ്‌ളാദിമിര്‍ പുടിന്‍ എന്നിവരുടെ ചൈനീസ് സന്ദര്‍ശനം കഴിഞ്ഞ് ദിവസങ്ങള്‍ക്കകമാണ് ഈ ദാരുണ സംഭവം നടന്നിരിക്കുന്നത്.

You might also like

ഇനി വീസ വേഗത്തിൽ: കാനഡയിൽ പുതിയ ഫാസ്റ്റ് ട്രാക്ക് സംവിധാനം ഒരുക്കി യുഎസ്

Reduce Student Travel Expenses: 17-Year-Old's Appeal to the New York Mayor

വിദ്യാർത്ഥികളുടെ യാത്രച്ചെലവ് ലഘൂകരിക്കണം: ന്യൂയോർക്ക് മേയർക്ക് 17-കാരിയുടെ അഭ്യർത്ഥന

Major Surge in Kerala's Beer Market and the Key Driving Factors

കേരളത്തിലെ ബിയർ വിപണിയിലെ വൻ മുന്നേറ്റവും പ്രധാന കാരണങ്ങളും

John Mathai Elected as World Malayali Council Global Chairman

വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാനായി ജോൺ മത്തായി

'Khalifa' Creates Waves at the Box Office: Part 2 Announced

ബോക്സ് ഓഫീസിൽ തരംഗമായി ‘ഖലീഫ’: രണ്ടാം ഭാഗവും പ്രഖ്യാപിച്ചു

കാനഡയിലെ ആരോഗ്യമേഖല പ്രതിസന്ധിയിൽ: സർവേ റിപ്പോർട്ട്

Top Picks for You
Top Picks for You