ഒട്ടാവ: കാനഡയിലെ താഴ്ന്ന-മിതവരുമാനക്കാർക്ക് കൈത്താങ്ങായി പുതിയ ജിഎസ്ടി (GST) ക്രെഡിറ്റ് ടോപ്പ്-അപ്പ് പേയ്‌മെന്റ് സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചു. രാജ്യത്ത് നിലനിൽക്കുന്ന കടുത്ത ജീവിതച്ചെലവ് പ്രതിസന്ധിയും പലചരക്ക് സാധനങ്ങളുടെ വിലക്കയറ്റവും നേരിടുന്നതിനായി വിഭാവനം ചെയ്ത ‘കാനഡ ഗ്രോസറീസ് ആന്റ് എസൻഷ്യൽസ് ബെനിഫിറ്റ് ആക്റ്റ്’ (Bill C-19) ഫെബ്രുവരി 12-ന് റോയൽ അസന്റ് ലഭിച്ചതോടെയാണ് നിയമമായത്. ഏകദേശം 1.2 കോടി കാനഡക്കാർക്ക് ഈ സാമ്പത്തിക ആനുകൂല്യം നേരിട്ട് ലഭിക്കും.
പുതിയ നിയമപ്രകാരം, 2025-26 സാമ്പത്തിക വർഷത്തെ ജിഎസ്ടി ക്രെഡിറ്റ് തുകയുടെ 50 ശതമാനം അധികമായി ഒരുതവണ ‘ടോപ്പ്-അപ്പ്’ പേയ്‌മെന്റായി നൽകും. ഇതിനായി ഏകദേശം 3.1 ബില്യൺ ഡോളറാണ് ഫെഡറൽ സർക്കാർ നീക്കിവെച്ചിരിക്കുന്നത്. 2020-ലെ കോവിഡ് മഹാമാരിക്ക് ശേഷം രാജ്യത്തെ ഭക്ഷ്യവിലയിൽ ഉണ്ടായ അമിത വർദ്ധനവ് ശരാശരി ഒരു കനേഡിയൻ കുടുംബത്തിന് 782 ഡോളറിന്റെ അധിക ബാധ്യതയുണ്ടാക്കിയെന്നാണ് ധനകാര്യ വകുപ്പിന്റെ കണക്ക്. ഈ ആഘാതം കുറയ്ക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ആർക്കെല്ലാം ലഭിക്കും, എത്ര ലഭിക്കും?
നിലവിൽ ജിഎസ്ടി/എച്ച്എസ്ടി ക്രെഡിറ്റ് ലഭിക്കുന്നവർക്കെല്ലാം പുതിയ ടോപ്പ്-അപ്പ് തുകയ്ക്ക് അർഹതയുണ്ടാകും. ഇതിനായി പ്രത്യേകമായി അപേക്ഷിക്കേണ്ടതില്ല. കാനഡ റവന്യൂ ഏജൻസി (CRA) ഇത് സ്വയമേവ കണക്കാക്കി അർഹരായവരുടെ അക്കൗണ്ടുകളിലേക്ക് എത്തിക്കും.
- ഒറ്റയ്ക്ക് താമസിക്കുന്നവർ (സീനിയേഴ്സ് ഉൾപ്പെടെ): ഏകദേശം 25,000 ഡോളർ വാർഷിക വരുമാനമുള്ള ഒരാൾക്ക് പരമാവധി 267 ഡോളർ ടോപ്പ്-അപ്പായി ലഭിക്കും. മറ്റ് ആനുകൂല്യങ്ങൾ ഉൾപ്പെടെ ഇവർക്ക് ഈ വർഷം 950 ഡോളർ വരെ ആകെ ലഭിക്കാൻ സാധ്യതയുണ്ട്.
- കുടുംബങ്ങൾ: 40,000 ഡോളർ വാർഷിക വരുമാനമുള്ള ഒരു നാലംഗ കുടുംബത്തിന് (ദമ്പതികളും രണ്ട് കുട്ടികളും) 533 ഡോളർ ടോപ്പ്-അപ്പായി ലഭിക്കും. മറ്റ് പതിവ് ജിഎസ്ടി പേയ്‌മെന്റുകൾ ഉൾപ്പെടെ ഈ വർഷം ഇവർക്ക് 1,890 ഡോളർ വരെ ലഭിച്ചേക്കാം.
ഒരുതവണ ലഭിക്കുന്ന ഈ ടോപ്പ്-അപ്പിന് പുറമെ, ദീർഘകാലാടിസ്ഥാനത്തിലുള്ള മറ്റൊരു ആനുകൂല്യവും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. 2026 ജൂലൈ മുതൽ അടുത്ത അഞ്ച് വർഷത്തേക്ക് ജിഎസ്ടി ക്രെഡിറ്റ് തുകയിൽ 25 ശതമാനം സ്ഥിരമായ വർദ്ധനവുണ്ടാകും. ഇതിലൂടെ മുൻപ് ഈ ആനുകൂല്യത്തിന് അർഹരല്ലാതിരുന്ന 5,00,000 വ്യക്തികൾക്കും കുടുംബങ്ങൾക്കും കൂടി പുതുതായി ജിഎസ്ടി ക്രെഡിറ്റ് ലഭിച്ചു തുടങ്ങും. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 8.6 ബില്യൺ ഡോളറിന്റെ അധിക സഹായമാണ് ഇതിലൂടെ ജനങ്ങളിലേക്ക് എത്തുന്നത്.
ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം, ഒരുതവണ ലഭിക്കുന്ന ടോപ്പ്-അപ്പ് തുക 2026 ഏപ്രിൽ 2-ന് സാധാരണ ജിഎസ്ടി പേയ്‌മെന്റിനൊപ്പം വിതരണം ചെയ്യും. തുടർന്ന് ജൂലൈ 3, ഒക്ടോബർ 5 തീയതികളിൽ വർദ്ധിപ്പിച്ച നിരക്കിലുള്ള സാധാരണ ക്രെഡിറ്റുകളും വിതരണം ചെയ്യും. കൃത്യസമയത്ത് ആനുകൂല്യം ലഭിക്കുന്നതിനായി ഇൻകം ടാക്സ് റിട്ടേണുകൾ കൃത്യമായി ഫയൽ ചെയ്യണമെന്നും ബാങ്ക് അക്കൗണ്ട് വിവരങ്ങളും മാരിറ്റൽ സ്റ്റാറ്റസും സിആർഎ (CRA) പോർട്ടലിൽ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അധികൃതർ അറിയിച്ചു.







