കൊൽക്കത്ത: കൊൽക്കത്തയിലെ ഡം ഡം പ്രദേശത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തിൽ മൂന്നു പേർ അറസ്റ്റിൽ. സഞ്ജു സാഹ, വിക്കി പാസ്വാൻ, രാജേഷ് പാസ്വാൻ എന്നിവരാണ് പ്രതികൾ. 14 വയസ്സുള്ള ഏഴാം ക്ലാസ് വിദ്യാർഥിനി ട്യൂഷനു പോകുന്ന വഴിയായിരുന്നു സംഭവം. പ്രതികളിൽ ഒരാളെ പെൺകുട്ടിക്ക് നേരത്തെ പരിചയമുണ്ടായിരുന്നു.
മൂന്ന് പ്രതികളും ചേർന്ന് പെൺകുട്ടിയെ മോട്ടിലാൽ കോളനിയിലെ ഒരു വീട്ടിലേക്ക് ഓട്ടോറിക്ഷയിൽ ബലമായി കൊണ്ടുപോയാണ് കൂട്ട ബലാത്സംഗം ചെയ്തത്. പ്രതികൾ മദ്യലഹരിയിൽ ആയപ്പോൾ അവിടെ നിന്ന് രക്ഷപ്പെട്ട പെൺകുട്ടി രാത്രിയോടെ വീട്ടിലെത്തി മാതാപിതാക്കളോട് സംഭവം പറയുകയായിരുന്നു. പിന്നാലെ മാതാപിതാക്കൾ ഡം ഡം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി.
സഞ്ജു സാഹയെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിലും വിക്കി പാസ്വാനെ ഒരു ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലും വിട്ടു. കുറ്റവാളികൾക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ ഡം ഡം പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. കൊൽക്കത്തയിൽ തുടർച്ചയായുണ്ടാകുന്ന കൂട്ട ബലാത്സംഗ കേസുകളിൽ ഏറ്റവും ഒടുവിലത്തേതാണ് ഏഴാം ക്ലാസുകാരി ഇരയായ കൂട്ട ബലാത്സംഗം.







