ആൽബർട്ട: ആൽബർട്ട ഉപതിരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് പാർട്ടി നേതാവ് പിയറി പൊയിലീവ്രെയ്ക്ക് വിജയം. ഇതോടെ ഹൗസ് ഓഫ് കോമൺസിലേക്കുള്ള തിരിച്ചുവരവ് അദ്ദേഹം ഉറപ്പാക്കി. 20 വർഷമായി ഓട്ടവയിലെ കാൾട്ടൺ മണ്ഡലത്തെയായിരുന്നു അദ്ദേഹം പ്രതിനിധീകരിച്ചിരുനനത്. എന്നാൽ ഏറ്റവും ഒടുവിലായി നടന്ന തെരഞ്ഞെടുപ്പിൽ പൊയ്ലിവ്രെ അവിടെ പരാജയപ്പെടുകയായിരുന്നു. തുടർന്ന് ഇത്തവണ ബാറ്റിൽ റിവർ ക്രോഫൂട്ടിൽ നിന്നും മല്‍സരിച്ചാണ് അദ്ദേഹം ജയിച്ചത്.
ഏപ്രിലിൽ നടന്ന ഫെഡറൽ തിരഞ്ഞെടുപ്പിൽ ലിബറൽ എംപി ബ്രൂസ് ഫാൻജോയിയോടായിരുന്നു പൊയിലീവ്രെ പരാജയപ്പെട്ടത്. തുടർന്ന് കൺസർവേറ്റീവ് നേതാവും മുൻ എംപിയുമായി ഡാമിയൻ കുറെക് തൻ്റെ സ്ഥാനം രാജി വെച്ച് പൊയിലീവ്രെയ്ക്ക് മത്സരിക്കാൻ അവസരം ഒരുക്കുകയായിരുന്നു. ജൂണിലായിരുന്നു കുറെക് തന്റെ സ്ഥാനം രാജിവച്ചത്. വിജയം പ്രഖ്യാപിച്ച തിങ്കളാഴ്ച പൊയ്ലീവ്രെ കാംറോസിലായിരുന്നു. ഉപതിരഞ്ഞെടുപ്പിൽ പിന്തുണ നൽകിയതിന് അദ്ദേഹം തൻ്റെ കുടുംബത്തിനും, മുൻ എംപി ഡാമിയൻ കുറെക്കിനും, റിവർ-ക്രോഫൂട്ടിലെ വോട്ടർമാർക്കും നന്ദി പറഞ്ഞു.
ബാറ്റിൽ റിവർ-ക്രോഫൂട്ടിലെ 200-ലധികം സ്ഥാനാർത്ഥികളാണ് മല്‍സരരംഗത്ത് ഉണ്ടായിരുന്നത്. ഈ വെല്ലുവിളി മറികടന്നാണ് അദ്ദേഹം ജയിച്ചു കയറിയത്. ലോങ്ങസ്റ്റ് ബാലറ്റ് പ്രതിഷേധത്തിൻ്റെ ഭാഗമായാണ് ഇത്രയധികം സ്ഥാനാർത്ഥികൾ മത്സര രംഗത്ത് എത്തിയത്. 2026 ജനുവരിയിൽ കാൽഗറിയിൽ നടക്കുന്ന പാർട്ടിയുടെ ദേശീയ കൺവെൻഷനിലായിരിക്കും പാർട്ടി നേതൃത്വത്തിൽ അദ്ദേഹം തുടരുമോ എന്ന കാര്യത്തിൽ തീരുമാനമാവുക.







