വൻകൂവർ : ബ്രിട്ടിഷ് കൊളംബിയയിലെ ലോവർ മെയിൻലാൻഡ്, വൻകൂവർ ഐലൻഡ് എന്നിവിടങ്ങളിൽ തുടർച്ചയായി വീശിയടിച്ച കൊടുങ്കാറ്റുകളിൽ വാഹനങ്ങൾക്ക് മുകളിൽ മരം വീണ് ഒരാൾ മരിച്ചു. ശനിയാഴ്ച രാത്രി എട്ടു മണിയോടെ 184 സ്ട്രീറ്റിന് സമീപം ഹൈവേ 10-ലാണ് സംഭവം. മരവും വൈദ്യുതി കമ്പികളും രണ്ടു വാഹനങ്ങളുടെ മുകളിലേക്ക് വീഴുകയായിരുന്നുവെന്ന് സറേ പൊലീസ് അറിയിച്ചു.
സറേ ഫയർ സർവീസും അടിയന്തര സേനാ വിഭാഗങ്ങളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും, വാഹനത്തിൽ കുടുങ്ങിയ ഒരാൾ സംഭവസ്ഥലത്തുതന്നെ മരിച്ചു. മറ്റേ വാഹനത്തിലുണ്ടായിരുന്ന ഡ്രൈവർക്ക് നിസ്സാര പരുക്കുകൾ സംഭവിച്ചു.
ബ്രിട്ടിഷ് കൊളംബിയയിലുടനീളം വീശിയടിച്ച ശക്തമായ കാറ്റിൽ വ്യാപക നാശനഷ്ടം ഉണ്ടായതായി അധികൃതർ അറിയിച്ചു. കൂടാതെ കനത്ത വൈദ്യുതി മുടക്കവും പ്രവിശ്യയിലുടനീളം നേരിട്ടു. ഞായറാഴ്ച പുലർച്ചെ 1 മണിയോടെ, അതായത് കൊടുങ്കാറ്റ് ഏറ്റവും ശക്തമായിരുന്ന സമയത്ത്, ഏകദേശം 1,35,000 താമസക്കാർക്ക് വൈദ്യുതി മുടങ്ങിയിരുന്നു. എന്നാൽ രാവിലെ 7 മണിയായപ്പോഴേക്കും ഈ എണ്ണം ഏകദേശം 63,000 ആയി കുറഞ്ഞു.







