newsroom@amcainnews.com

ആറ്റുകാൽ പൊങ്കാല മാർച്ച് 13ന്; ജില്ലയ്ക്ക് അവധി, മദ്യനിരോധനം 12ന് വൈകുന്നേരം മുതൽ

തിരുവനന്തപുരം: സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാൽ ക്ഷേത്രത്തിൽ പൊങ്കാല മഹോത്സവം മാർച്ച് 13ന് നടക്കും. ഉത്സവത്തോടനുബന്ധിച്ച് 30 വാർഡുകൾ ഉത്സവമേഖലയായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും പൊങ്കാല ദിവസമായ മാർച്ച് 13ന് ജില്ലയ്ക്ക് അവധി നൽകുന്നതിന് സർക്കാരിന് കത്ത് നൽകിയിട്ടുണ്ടെന്നും മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ആറ്റുകാൽ ട്രസ്റ്റ് ഓഫീസിൽ ചേർന്ന ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ചുള്ള അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉപഉത്സവങ്ങളിൽ നിർബന്ധിത പിരിവ് പാടില്ല. ഉൽസവദിവസങ്ങളിലു0, പ്രത്യേകിച്ച് പൊങ്കാല ദിനത്തിലു0 ഭക്ഷണം, വെള്ളം വിതരണം ചെയ്യൽ എന്നിവയിൽ അതീവ ശ്രദ്ധ വേണം. ദൂരദേശങ്ങളിൽ നിന്ന് വിളക്കുകെട്ടുമായി വരുന്നവർ ഗതാഗത തടസ്സം സൃഷ്ടിക്കരുതെന്നും പരസ്യങ്ങൾ കോടതിയുടെ അനുമതി വാങ്ങി മാത്രം സ്ഥാപിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. തെരുവ് വിളക്കുകളുടെ അറ്റകുറ്റപ്പണി, കുടിവെള്ള ക്ഷാമം പരിഹരിക്കൽ, ഓടകൾ വൃത്തിയാക്കൽ, ടോയ്‌ലറ്റ് സംവിധാനങ്ങൾ, മാലിന്യ പ്രശ്‌നങ്ങൾ എന്നിവ സംബന്ധിച്ചുള്ള പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തീകരിക്കാൻ മന്ത്രി വി.ശിവൻകുട്ടി വാർഡ് കൗൺസിലർമാർക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകി.

തിരുവനന്തപുരം വിമാനത്താവളത്തിൽ മാർച്ച് 29വരെ റൺവേ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് വിമാന സർവ്വീസുകൾ നടത്തുന്നില്ല. അതിനാൽ പൊങ്കാല ദിവസത്തിൽ എയർക്രാഫ്റ്റ് മാർഗ്ഗേനയുള്ള പുഷ്പവൃഷ്ടി ഉണ്ടാവില്ല. കോർപ്പറേഷൻ പരിധിയിലും വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ വെള്ളാർ വാർഡിലും പൊങ്കാലയുടെ തലേ ദിവസം വെകുന്നേരം 6 മുതൽ പൊങ്കാല ദിവസം വൈകുന്നേരം 6വരെ മദ്യനിരോധനം ഏർപ്പെടുത്തും. ആറ്റുകാൽ പൊങ്കാല മഹോത്സവവുമായി ബന്ധപ്പെട്ട വിവിധ ചുമതലകൾ നിർവഹിക്കുന്നതിനുള്ള ഭരണാനുമതിക്കായി സർക്കാരിലേക്ക് നൽകേണ്ട എസ്റ്റിമേറ്റുകൾ അടിയന്തരമായി നൽകണമെന്ന് വിവിധ നിർവഹണ ഏജൻസികൾക്ക് മന്ത്രി നിർദേശം നൽകി.

കുറ്റമറ്റ രീതിയിൽ പൊങ്കാല മഹോത്സവം നടത്തുന്നതിന് ബന്ധപ്പെട്ട എല്ലാവരും മുൻകൈയ്യെടുക്കണമെന്ന് യോഗത്തിൽ പങ്കെടുത്ത ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ നിർദ്ദേശിച്ചു. ആറ്റുകാൽ പൊങ്കാലയിൽ ഹരിതപ്രോട്ടോകോൾ പാലിക്കുമെന്നും പെട്രോൾ പമ്പുകൾക്ക് സമീപം അടുപ്പ് കൂട്ടുന്നത് ഭക്തജനങ്ങൾ ഒഴിവാക്കണമെന്നും ജില്ലാ കളക്ടർ അനുകുമാരി അറിയിച്ചു. സബ് കളക്ടർ ആൽഫ്രഡ് ഒ.വി ആണ് പൊങ്കാലയുടെ നോഡൽ ഓഫീസർ. പൊങ്കാലയോടനുബന്ധിച്ച് മൂവായിരത്തിലധികം പൊലീസ് ഉദ്യോഗസ്ഥരെ രണ്ട് ഘട്ടങ്ങളിലായി വിന്യസിക്കുമെന്നും വിവിധയിടങ്ങളിൽ പാർക്കിംഗ് നിയന്ത്രണം ഏർപ്പെടുത്തുമെന്നും സിറ്റി പൊലീസ് കമ്മീഷണർ തോംസൺ ജോസ് അറിയിച്ചു. വഴിയോര കടകൾ റോഡിൽ ഇറക്കി കച്ചവടം നടത്തുന്നത് നിയന്ത്രിക്കുമെന്നും ക്ഷേത്ര പരിസരത്ത് കൊടി തോരണങ്ങളും മറ്റ് അനധികൃത പരസ്യങ്ങളും ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞു.

പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് 24 മണിക്കൂറും കൺട്രോൾ റൂം പ്രവർത്തിപ്പിക്കുമെന്നും 450 ജീവനക്കാർ, 30 ഫയർ എൻജിനുകൾ, ആറ് ആംബുലൻസ് എന്നിവ വിന്യസിപ്പിക്കുമെന്നും ഫയർ ആന്റ് സേഫ്റ്റി അധികൃതർ അറിയിച്ചു. പൊങ്കാല മഹോത്സവ ദിവസങ്ങളിൽ രാവിലെ 7 മുതൽ രാത്രി 10വരെ മെഡിക്കൽ ടീം പ്രവർത്തിക്കുമെന്നും കുത്തിയോട്ടത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് 24 മണിക്കൂറും മെഡിക്കൽ ടീമിന്റെ സേവനം ലഭ്യമാക്കുമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തീർത്ഥാടകരെ ആറ്റുകാൽ എത്തിക്കാനും തീരുമാനിച്ചു.

You might also like

മൈക്രോസോഫ്റ്റിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ ഡാറ്റാ സെന്റർ 2026 പകുതിയോടെ പ്രവർത്തനസജ്ജമാകും

‘സന്ദേശങ്ങൾ കൈമാറാൻ കൊറിയർ ശൃംഖല’: ഇറാൻ പരമോന്നത നേതാവ് അതീവ രഹസ്യ കേന്ദ്രത്തിലെന്ന് യു.എസ് രഹസ്യാന്വേഷണ വിഭാഗം

സാൻ ഡിയാഗോ മസ്ജിദ് വെടിവെപ്പ്: കൂട്ടക്കൊലയ്ക്ക് ശേഷം തന്നെ കൊല്ലാൻ കെയ്ൻ ക്ലാർക്കിനെ പ്രേരിപ്പിച്ച് കാലെബ് വാസ്ക്വസ്

ഓസ്‌ട്രേലിയയിലെ ‘ന്യൂ ഹോപ്പ്’ കൽക്കരി ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനായി മറ്റൊരു കമ്പനിയെ ഏറ്റെടുക്കാൻ ശ്രമിച്ചേക്കാം

കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ എക്സ് അക്കൗണ്ട് പൂട്ടിച്ചത് കേന്ദ്രം; നടപടി രാജ്യസുരക്ഷക്ക് ഭീഷണിയെന്ന റിപ്പോര്‍ട്ടിന് പിന്നാലെ

വേർപിരിയൽ റഫറണ്ടം; പുതിയ നീക്കവുമായി ആൽബർട്ട പ്രീമിയർ

Top Picks for You
Top Picks for You