മലപ്പുറം, വേങ്ങര, മങ്കട മേഖലകളിൽ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും എംഡിഎംഎ വിപണനം നടത്തിവന്ന സമൂഹമാധ്യമ ഇൻഫ്ലുവൻസർ ഉൾപ്പെടെയുള്ള നാലംഗ സംഘം പൊലീസിന്റെ പിടിയിലായി. മലപ്പുറം ഹാജിയാർ പള്ളി സ്വദേശി അനസ് (24), മങ്കട സ്വദേശി ടി.പി. ഷബീർ (24), വേങ്ങര കൂരിയാട് സ്വദേശി സജാദ് (21), കുട്ടിലങ്ങാടി സ്വദേശിനിയായ ഇൻഫ്ലുവൻസർ മിനു ജാസ്മിൻ (23) എന്നിവരാണ് അറസ്റ്റിലായത്.
‘ഓപ്പറേഷൻ തൂഫാൻ’ എന്ന പദ്ധതിയുടെ ഭാഗമായി, മലപ്പുറം പൊലീസ് സ്റ്റേഷൻ എസ്.ഐ സനലിന്റെയും ഡാൻസാഫ് ടീമിന്റെയും നേതൃത്വത്തിലാണ് ഈ നടപടി സ്വീകരിച്ചത്. ബുധനാഴ്ച രാത്രി മലപ്പുറം കിഴക്കെതല വേങ്ങര റോഡിൽ അക്ഷയ സെന്ററിന് മുന്നിൽ വെച്ച് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കാർ തടഞ്ഞുനിർത്തി നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. പ്രതികളിൽ നിന്ന് 10.5 ഗ്രാം എംഡിഎംഎ, ശരീരത്തിലേക്ക് കുത്താൻ ഉപയോഗിക്കുന്ന സിറിഞ്ചുകൾ, തൂക്കിവിൽക്കാനുള്ള ഡിജിറ്റൽ ത്രാസ്, സിപ്ലോക്ക് കവറുകൾ, ലഹരി വിൽപ്പനയിലൂടെ ലഭിച്ച കാൽ ലക്ഷത്തോളം രൂപ എന്നിവയും ഇവർ സഞ്ചരിച്ച കാറും പൊലീസ് പിടിച്ചെടുത്തു. പിടിയിലായ അനസ്, ഷബീർ, സജാദ് എന്നിവർക്ക് മുമ്പും ലഹരി വിൽപ്പനയുമായി ബന്ധപ്പെട്ട് വിവിധ സ്റ്റേഷനുകളിൽ കേസുകൾ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്.
മലപ്പുറം ഡിവൈഎസ്പി സുധാഷ് ബാബുവിന്റെ മേൽനോട്ടത്തിൽ ഇൻസ്പെക്ടർ ബി.ഷാജിമോൻ, എസ്.ഐ സനൽ, എ.എസ്.ഐ സൂക്ഷ്മ എന്നിവരുൾപ്പെട്ട മലപ്പുറം പൊലീസും, ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളും ചേർന്നാണ് ഈ സംഘത്തെ പിടികൂടാനുള്ള ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്.







