ഡാലസ് കൗണ്ടിയിലെ മെസ്കിറ്റിലുണ്ടായ വെടിവെപ്പിൽ രണ്ട് കൗമാരക്കാർ കൊല്ലപ്പെടുകയും ഒരാൾക്ക് പരുക്കേൽക്കുകയും ചെയ്തു. കുടുംബവഴക്കിനെത്തുടർന്നാണ് വെടിവെപ്പ് നടന്നതെന്ന് അധികൃതർ വെളിപ്പെടുത്തി. മുടിവെട്ടുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് പിന്നീട് വെടിവെപ്പിൽ കലാശിച്ചത്.
മെസ്കിറ്റിലെ ആംബർ സ്പ്രിങ്സ് ഡ്രൈവിൽ ചൊവാഴ്ച അർദ്ധരാത്രിക്ക് ശേഷമാണ് വെടിവെപ്പുണ്ടായത്. ഒരേ കുടുംബത്തിലെ രണ്ട് കൗമാരക്കാരാണ് വെടിയേറ്റു മരിച്ചത്. 20 വയസ്സുകാരനായ മറ്റൊരു യുവാവിന് പരുക്കേൽക്കുകയും ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇയാളുടെ പരുക്ക് ഗുരുതരമല്ല. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.







