കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് യുഎസ് അധികതീരുവ പ്രഖ്യാപിച്ച സാഹചര്യത്തിൽ, ഫെഡറൽ സർക്കാരിന്റെ വ്യാപാര ചർച്ചകളെ പിന്തുണയ്ക്കുമെന്ന് കനേഡിയൻ പ്രീമിയർമാർ. പ്രിൻസ് എഡ്വേഡ് ഐലൻഡ് തലസ്ഥാനമായ ഷാർലെറ്റ്ടൗണിൽ നടന്ന കൗൺസിൽ ഓഫ് ദ ഫെഡറേഷൻ (Council of the Federation) സമ്മേളനത്തിൽ പങ്കെടുത്ത എല്ലാ പ്രീമിയർമാരും ഫെഡറൽ സർക്കാരിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.
വ്യാഴാഴ്ച (ഇന്ന്) പ്രീമിയറുമായി കൂടിക്കാഴ്ച നടത്തുന്ന പ്രധാനമന്ത്രി മാർക്ക് കാർണി, അടുത്ത 28 ദിവസത്തിനുള്ളിൽ വ്യാപാര ചർച്ചകൾ കൂടുതൽ ശക്തമാക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, യു.എസ്. ട്രേഡ് പ്രതിനിധി ജെയ്മിസൺ ഗ്രീർ, കാനഡയുമായും മെക്സിക്കോയുമായും ഈ വർഷം ഇടക്കാല വ്യാപാര ധാരണകൾ പ്രതീക്ഷിക്കുന്നതായി അറിയിച്ചു. എന്നാൽ, യുഎസ്എംസിഎ (USMCA) കരാറിലെ പ്രധാന തർക്കവിഷയങ്ങൾ അടുത്ത വർഷം മാത്രമേ പരിഗണിക്കാനിടയുള്ളുവെന്നും അദ്ദേഹം സൂചിപ്പിച്ചു.







