പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിനുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നു യുഎസ് ആര്‍മി സെക്രട്ടറി ഡാന്‍ ഡ്രിസ്‌കോള്‍ രാജിവച്ചു. ഡ്രിസ്‌കോളിന്‍റെ രാജി പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ് തിങ്കളാഴ്ച വൈകിട്ട് അംഗീകരിച്ചതായി യുഎസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.
2025ല്‍ ചുമതലയേറ്റതിന് പിന്നാലെ നിരവധി വിഷയങ്ങളില്‍ ഡ്രിസ്‌കോളും ഹെഗ്‌സെത്തും തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ജനറല്‍ പദവിയിലേക്ക് സ്ഥാനക്കയറ്റത്തിന് പരിഗണിച്ചിരുന്ന നിരവധി മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരെ ഹെഗ്‌സെത്ത് പുറത്താക്കുകയോ ചുമതലകളില്‍ നിന്ന് മാറ്റിനിര്‍ത്തുകയോ ചെയ്തതാണ് പ്രധാന ഭിന്നതകളിലൊന്ന്. മുന്‍ ആര്‍മി ചീഫ് ഓഫ് സ്റ്റാഫ് ജനറല്‍ റാന്‍ഡി ജോര്‍ജിനെ ഹെഗ്‌സെത്ത് വിശദീകരണമൊന്നും നല്‍കാതെ പുറത്താക്കിയിരുന്നു. ജോര്‍ജുമായി അടുത്ത് പ്രവര്‍ത്തിച്ചിരുന്ന ഡ്രിസ്‌കോള്‍, അദ്ദേഹത്തെ നീക്കിയതിന്‍റെ കാരണം തനിക്കറിയില്ലെന്ന് കോണ്‍ഗ്രസ് ഹിയറിങ്ങില്‍ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ഡ്രിസ്‌കോളിനെ റഷ്യ-യുക്രെയ്ന്‍ സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിനുള്ള നയതന്ത്ര നീക്കത്തിന് നേതൃത്വം നല്‍കാന്‍ ട്രംപ് തിരഞ്ഞെടുത്തതും ശ്രദ്ധേയമായിരുന്നു. ക്യാപിറ്റല്‍ ഹില്ലിലും ഡ്രിസ്‌കോളിന് മികച്ച സ്വീകാര്യതയുണ്ടായിരുന്നു. വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സുമായുള്ള മുന്‍പരിചയമാണ് അദ്ദേഹത്തിന് വൈറ്റ് ഹൗസില്‍ സ്വാധീനം ലഭിക്കാന്‍ സഹായിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. യേല്‍ ലോ സ്‌കൂളില്‍ പഠിച്ചിരുന്ന കാലത്താണ് ഡ്രിസ്‌കോള്‍ വാന്‍സിനെ പരിചയപ്പെടുന്നത്. അതിന് മുമ്പ് 10-ാം മൗണ്ടന്‍ ഡിവിഷനില്‍ കാവല്‍റി ഓഫീസറായി അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു.







