newsroom@amcainnews.com

യുഎസ് – ഇറാന്‍ വെടിനിര്‍ത്തല്‍ നീട്ടാന്‍ 60 ദിവസത്തേക്ക് നീട്ടാന്‍ ധാരണ

വാഷിങ്ടണ്‍: യുഎസും ഇറാനും തമ്മിലുളള വെടിനിര്‍ത്തല്‍ നീട്ടാനും തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗത നിയന്ത്രണങ്ങള്‍ നീക്കാനും അമേരിക്കയും ഇറാനും തമ്മില്‍ വ്യാഴാഴ്ച ധാരണയിലെത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവിലുള്ള താല്‍ക്കാലിക വെടിനിര്‍ത്തല്‍ 60 ദിവസത്തേക്ക് കൂടി നീട്ടാനാണ് ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായിരിക്കുന്നത്. ഈ സമയത്തിനുള്ളില്‍ ഇറാന്റെ ആണവപദ്ധതി ഉള്‍പ്പെടെയുള്ള തര്‍ക്കവിഷയങ്ങളില്‍ ഇരുവിഭാഗവും തമ്മില്‍ വിശദമായ ചര്‍ച്ചകള്‍ നടത്തും. എന്നാല്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഈ ധാരണയ്ക്ക് ഇതുവരെ അന്തിമ അനുമതി നല്‍കിയിട്ടില്ല. കരാറിന്റെ കരട് പൂര്‍ണ്ണമായി സ്ഥിരീകരിച്ചിട്ടില്ലെന്ന് ഇറാന്റെ തസ്‌നിം വാര്‍ത്താ ഏജന്‍സിയും വ്യക്തമാക്കി.

കരാര്‍ യാഥാര്‍ത്ഥ്യമായാല്‍ ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് മേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം പിന്‍വലിക്കുകയും ഇറാന്റെ എണ്ണവില്‍പ്പനയ്ക്കുള്ള ചില നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുകയും ചെയ്യും. ലോകത്തെ എണ്ണ-പ്രകൃതിവാതക വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്ക് വീണ്ടും പൂര്‍ണ്ണ സജ്ജമാകുന്നതിനെക്കുറിച്ചുള്ള സൂചനകള്‍ പുറത്തുവന്നതോടെ ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് വാഷിംഗ്ടണില്‍ മാധ്യമങ്ങളോട് സംസാരിക്കവെ, ഇരുരാജ്യങ്ങളും കരാറിലേക്ക് വളരെ അടുത്തുകഴിഞ്ഞെന്നും ശുഭപ്രതീക്ഷയുണ്ടെന്നും അറിയിച്ചു.

അതേസമയം, ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയിലും ഇരുപക്ഷവും തമ്മിലുള്ള സൈനിക പ്രത്യാക്രമണങ്ങള്‍ മേഖലയില്‍ ആശങ്ക നിലനിര്‍ത്തുന്നുണ്ട്. ഇറാനിലെ ബന്ദര്‍ അബ്ബാസ് തുറമുഖ നഗരത്തില്‍ നിന്നും ആക്രമണത്തിന് മുതിര്‍ന്ന ഇറാന്റെ അഞ്ച് ഡ്രോണുകള്‍ വെടിവെച്ചിട്ടതായും ഗതാഗത കണ്‍ട്രോള്‍ സ്റ്റേഷന്‍ തകര്‍ത്തതായും യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. ഇതിന് തിരിച്ചടിയായി വലിയ യുഎസ് സൈനിക താവളമുള്ള കുവൈറ്റിലേക്ക് ഇറാന്‍ ബാലിസ്റ്റിക് മിസൈല്‍ തൊടുത്തുവിട്ടെങ്കിലും കുവൈറ്റ് സൈന്യം ഇത് വിജയകരമായി പ്രതിരോധിച്ചു. ബന്ദര്‍ അബ്ബാസ് ആക്രമണത്തിന് മറുപടിയായാണ് യുഎസ് താവളത്തെ ലക്ഷ്യമിട്ടതെന്നും ആക്രമണങ്ങള്‍ തുടര്‍ന്നാല്‍ കടുത്ത പ്രത്യാഘാതമുണ്ടാകുമെന്നും ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (IRGC) മുന്നറിയിപ്പ് നല്‍കി.

മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി മധ്യസ്ഥ രാജ്യമായ പാകിസ്ഥാന്റെ വിദേശകാര്യ മന്ത്രി ഇഷാഖ് ദാര്‍ വെള്ളിയാഴ്ച വാഷിംഗ്ടണില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തും. ഇറാന്‍ തങ്ങളുടെ മേലുള്ള ഉപരോധങ്ങള്‍ പൂര്‍ണ്ണമായി നീക്കണമെന്നും യുഎസ് സൈന്യത്തെ മേഖലയില്‍ നിന്ന് പിന്‍വലിക്കണമെന്നും ആവശ്യപ്പെടുമ്പോള്‍, ഇറാന്റെ ആണവപദ്ധതികള്‍ അവസാനിപ്പിക്കണമെന്ന നിലപാടിലാണ് വാഷിംഗ്ടണ്‍. ലബനനില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങള്‍ അവസാനിപ്പിച്ചാല്‍ മാത്രമേ പൂര്‍ണ്ണമായ സമാധാനം സാധ്യമാകൂ എന്ന് ഇറാന്‍ വ്യക്തമാക്കുന്നുണ്ടെങ്കിലും, തെക്കന്‍ ലബനനിലും ബെയ്‌റൂട്ടിലും ഹിസ്ബുള്ള കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ഇസ്രായേലിന്റെ ആക്രമണങ്ങള്‍ ഇപ്പോഴും ശക്തമായി തുടരുകയാണ്. ഇതിനിടെ, ഹോര്‍മുസ് കടലിടുക്കില്‍ ഇറാനുമായി ചേര്‍ന്ന് കപ്പലുകളില്‍ നിന്ന് നികുതി ഈടാക്കാന്‍ ശ്രമിച്ചാല്‍ ഒമാനെ ബോംബെറിഞ്ഞ് തകര്‍ക്കുമെന്ന് കഴിഞ്ഞ ദിവസം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നെങ്കിലും, അത്തരം പദ്ധതികളൊന്നുമില്ലെന്ന് ഒമാന്‍ നയതന്ത്രജ്ഞര്‍ യുഎസിനെ അറിയിച്ചിട്ടുണ്ട്.

You might also like
Teacher Stabbed to Death Inside School: Brutal Murder in Haryana

അധ്യാപികയെ സ്കൂളിൽ കയറി കുത്തിക്കൊന്നു: ഹരിയാനയിൽ ക്രൂരമായ കൊലപാതകം

Residential Building Collapses Near Mumbai

മുംബൈയ്ക്ക് സമീപം പാർപ്പിട സമുച്ചയം തകർന്നു വീണു: 6 മരണം, നിരവധിയാളുകൾ കുടുങ്ങിക്കിടക്കുന്നതായി ആശങ്ക

ഡാലസ് ക്രിസ്തുരാജ ഇടവകയിൽ ഗ്രാൻഡ് പേരന്‍റസ് ഡേ ആഘോഷിച്ചു

Sedentary Lifestyle and Excessive Protein Intake: A Research Report

ഉദാസീന ജീവിതശൈലിയും അമിത പ്രോട്ടീൻ ഉപയോഗവും: പഠനറിപ്പോർട്ട്

ആധാർ, വോട്ടർ ഐഡി, പാൻ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവ പൗരത്വത്തിന് തെളിവല്ല: കൊൽക്കത്ത ഹൈക്കോടതി

സൈക്ലോസ്‌പോറിയാസിസ് പകര്‍ച്ചവ്യാധി: മിഷിഗണില്‍ രണ്ടു മരണം

Top Picks for You
Top Picks for You