ഓട്ടവ : പ്രമുഖ റീട്ടെയിൽ സ്ഥാപനമായ സ്റ്റേപ്പിൾസ് കാനഡയുടെ staplesprint.ca എന്ന വെബ്‌സൈറ്റിൽ സൈബർ ആക്രമണം ഉണ്ടായതായി റിപ്പോർട്ട്. നവംബർ 1-നും നവംബർ 5-നും ഇടയിലാണ് ഹാക്കിങ് നടന്നതെന്നും, ചില ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നതായും സ്റ്റേപ്പിൾസ് കാനഡ അറിയിച്ചു. സ്റ്റേപ്പിൾസിന്‍റെ മറ്റ് വെബ്‌സൈറ്റുകളെയോ ഓൺലൈൻ സേവനങ്ങളെയോ സൈബർ ആക്രമണം ബാധിച്ചിട്ടില്ലെന്ന് കമ്പനി വക്താവ് റിപ്പോർട്ട് ചെയ്തു.
പേര്, ഇമെയിൽ വിലാസം, സാധനങ്ങൾ എത്തിക്കേണ്ട വിലാസം (shipping address), ബില്ലിങ് അഡ്രസ്സ്, ഓർഡർ ഡീറ്റെയിൽസ്, എൻക്രിപ്റ്റ് ചെയ്ത പാസ്‌വേഡ് തുടങ്ങിയ വ്യക്തിഗത വിവരങ്ങളാണ് ചോർന്നതെന്ന് സ്റ്റേപ്പിൾസ് കാനഡ ചീഫ് പീപ്പിൾ ആൻഡ് ലീഗൽ ഓഫീസറായ അഡ്രിയാൻ ലാങ് അറിയിച്ചു. എന്നാൽ ഉപഭോക്താക്കളുടെ സാമ്പത്തിക വിവരങ്ങളോ ബാങ്കിങ് രേഖകളോ ചോർന്നിട്ടില്ലെന്ന് സ്റ്റേപ്പിൾസ് കാനഡ വ്യക്തമാക്കി. അതേസമയം വ്യക്തിഗത വിവരങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് വരുന്ന സംശയാസ്പദമായ ഇമെയിലുകളോടും സന്ദേശങ്ങളോടും പ്രതികരിക്കരുതെന്നും തട്ടിപ്പുകൾക്കെതിരെ കരുതിയിരിക്കണമെന്നും കമ്പനി മുന്നറിയിപ്പ് നൽകി.








