വാഷിങ്ടൻ • വിദേശ പൗരന്മാർക്ക് തൊഴിലധിഷ്ഠിത സ്ഥിരതാമസാനുമതി (ഗ്രീൻകാർഡ്) അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങൾ അമേരിക്ക കൂടുതൽ കർശനമാക്കുന്നു. വീസ ചട്ടങ്ങളിൽ മാറ്റങ്ങൾ നിർദ്ദേശിക്കുന്ന പുതിയ പ്രോഗ്രാം ഇലക്ട്രോണിക് റിവ്യൂ മാനേജ്മെന്റ് (PERM) ചട്ടക്കൂട് യുഎസ് തൊഴിൽവകുപ്പ് പുറത്തിറക്കി. നഴ്സ്, ഫിസിക്കൽ തെറപ്പിസ്റ്റ് തുടങ്ങിയ തസ്തികകൾ മുതൽ ഉയർന്ന വൈദഗ്ധ്യം ആവശ്യമുള്ള പ്രഫഷനൽ മേഖലകളിൽ വരെ അമേരിക്കക്കാർക്ക് പ്രഥമ പരിഗണന ഉറപ്പുവരുത്തുന്ന രീതിയിലാണ് പെർമനന്റ് ലേബർ സർട്ടിഫിക്കേഷൻ നിയമങ്ങൾ പരിഷ്കരിക്കുന്നത്.
പുതിയ നിർദ്ദേശങ്ങൾ പ്രകാരം, തൊഴിലവസരങ്ങൾ വിജ്ഞാപനം ചെയ്യുമ്പോൾ വിദേശികളെ മാത്രം ലക്ഷ്യം വെച്ചുള്ള നിബന്ധനകൾ ഉൾപ്പെടുത്താൻ പാടില്ല. അമേരിക്കൻ പൗരന്മാർക്കും അപേക്ഷിക്കാൻ സാധിക്കുന്ന തരത്തിലുള്ള യോഗ്യതകളായിരിക്കണം നിശ്ചയിക്കേണ്ടത്. കൂടാതെ, നിയമന പ്രക്രിയ പൂർണ്ണമായും ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റുകയും വേണം.
പത്രമാധ്യമങ്ങളിൽ പരസ്യം നൽകുന്നതിന് പകരം കമ്പനികളുടെ വെബ്സൈറ്റുകളിലും സമൂഹമാധ്യമങ്ങളിലുമാണ് തൊഴിൽ വിജ്ഞാപനങ്ങൾ പ്രസിദ്ധീകരിക്കേണ്ടത്. ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കുന്നതിനായി 90 ദിവസം വരെ സമയം അനുവദിക്കണം. യോഗ്യരായ അമേരിക്കൻ ഉദ്യോഗാർത്ഥികളെ ലഭ്യമല്ലാത്ത സാഹചര്യത്തിൽ മാത്രമേ വിദേശികളെ നിയമിക്കുന്നതിനെക്കുറിച്ച് ആലോചിക്കാവൂ. അമേരിക്കൻ ജീവനക്കാരെ പിരിച്ചുവിട്ട തസ്തികകളിൽ അടുത്ത രണ്ട് വർഷത്തേക്ക് വിദേശികളെ നിയമിക്കുന്നതിനും വിലക്കുണ്ട്. നിലവിൽ യുഎസ് കമ്പനികൾ വിദേശികൾക്ക് സ്ഥിരം ജോലി നൽകുന്നതിനായി ആശ്രയിക്കുന്നത് പിഇആർഎം ലേബർ സർട്ടിഫിക്കേഷൻ സംവിധാനത്തെയാണ്.








