ടൊറൻ്റോ : വാരാന്ത്യത്തിൽ ബർലിങ്ടണിൽ വീടിന് തീപിടിച്ച് രണ്ട് കുട്ടികളടക്കം ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. നവംബർ 14 ശനിയാഴ്ച രാവിലെ 7 മണിയോടെ 1300 മേപ്പിൾ ക്രോസിങിലുള്ള (1300 Maple Crossing Blvd) ടൗൺഹൗസിലാണ് തീപിടിത്തമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ ഒരു മുതിർന്ന പുരുഷനും 12 വയസ്സുള്ള കുട്ടിയും ഒരു വയസ്സുള്ള കുട്ടിയും മരിച്ചതായി ഹാൽട്ടൺ പൊലീസ് സ്ഥിരീകരിച്ചു. കുടുംബത്തിലെ മറ്റു രണ്ടു പേർ ഒരു മുതിർന്ന സ്ത്രീയും അഞ്ച് വയസ്സിൽ താഴെയുള്ള മറ്റൊരു കുട്ടിയും – ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.
വിവരമറിഞ്ഞ് സംഭവസ്ഥലത്ത് എത്തിയ അഗ്നിശമന സേനാംഗങ്ങൾ തീപിടിച്ച വീട്ടിൽ നിന്ന് അഞ്ച് കുടുംബാംഗങ്ങളെയും പുറത്തെത്തിച്ചു. തുടർന്ന്, സിപിആർ (CPR) ഉൾപ്പെടെയുള്ള ജീവൻ രക്ഷാ നടപടികൾ സംഭവസ്ഥലത്തുവെച്ചുതന്നെ നൽകിയതായി ബർലിങ്ടൺ ഫയർ ചീഫ് ഡ്രൂ ബോയ്സ് പറഞ്ഞു. സംഭവസ്ഥലത്തെത്തിയപ്പോൾ തന്നെ വീട് തീപിടിച്ച നിലയിലും പുക നിറഞ്ഞതുമായിരുന്നുവെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ബർലിങ്ടൺ മേയർ മരിയൻ മീഡ് വാർഡ്, ഫയർ ചീഫ് ഡ്രൂ ബോയ്സ്, വാർഡ് 2 കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട ഷോൺ ക്യാമ്പ്ബെൽ എന്നിവർ അനുശോചനം അർപ്പിച്ചു.








