വാഷിങ്ടൺ : യുഎസിലെ ഏറ്ററ്വും വലിയ ബാങ്കായ ജെ.പി. മോര്ഗന് ചേസില്‍ പണമിടപാടിനു തടസമുണ്ടാക്കിയ സാങ്കേതിക തകരാര്‍ പരിഹരിച്ചു. തിങ്കളാഴ്ചയാണ് ബാങ്കിന്റെ ഇടപാടുകളെ ബാധിച്ച പ്രശ്നം റിപ്പോര്‍ട്ട് ചെയ്തത്. സോഫ്റ്റ്വെയറിലെ പിഴവാണ് ഇടപാടുകള്‍ പൂര്‍ത്തിയാകാന്‍ കൂടുതല്‍ സമയമെടുക്കാന്‍ കാരണമായതെന്ന് കമ്പനി വ്യക്തമാക്കി. ന്യൂയോര്‍ക്കില്‍ തിങ്കളാഴ്ച വൈകുന്നേരത്തോടെ ഇടപാടുകള്‍ സാധാരണ നിലയില്‍ പുനരാരംഭിച്ചതായി ബാങ്ക് വക്താവും സ്ഥിരീകരിച്ചു.
ബാങ്കിന്റെ ഇൻ്റേണൽ ഹാർഡ്വെയര് സംവിധാനങ്ങളിലെ സോഫ്റ്റ്വെയര് തകരാറാണ് പ്രശ്നത്തിന് കാരണമായതെന്ന് ജെ.പി. മോര്ഗന് ചേസ് നേരത്തെ അറിയിച്ചിരുന്നു. സംഭവത്തിന് സൈബര്‍ ആക്രമണവുമായി ബന്ധമില്ലെന്നും ബാങ്ക് വിശദീകരിച്ചു. തകരാര്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയതോടെ ഇടപാടുകള്‍ സാധാരണ വേഗത്തിലായതായും ബാങ്ക് വ്യക്തമാക്കി.
ജെ.പി. മോര്ഗന് ചേസ് ബാങ്കിനു പുറമെ ബാങ്ക് ഓഫ് അമേരിക്ക, വെല്‍സ് ഫാര്‍ഗോ തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങളെക്കുറിച്ചും പരാതികള്‍ ഉയർന്നിരുന്നു. ബാങ്കുകളുടെ ഉടമസ്ഥതയിലുള്ള ഏര്‍ലി വാണിങ് സര്‍വീസസ് നിയന്ത്രിക്കുന്ന പണമിടപാട് സംവിധാനമായ സെല്ലെയെക്കുറിച്ചും ഉപയോക്താക്കള്‍ പ്രശ്നങ്ങൾ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ജെ.പി. മോര്ഗന് ചേസുമായി ഇടപാടില്‍ പങ്കാളികളായിരുന്ന സാഹചര്യത്തില്‍ മാത്രമാണ് മറ്റ് ബാങ്കുകളെ പ്രശ്നം ബാധിച്ചിരിക്കാനിടയുള്ളതെന്ന് ബാങ്ക് വ്യക്തമാക്കി. ബാങ്ക് ഓഫ് അമേരിക്കയും തങ്ങളുടെ സംവിധാനങ്ങള്‍ സാധാരണ നിലയിലായിരുന്നുവെന്ന് വ്യക്തമാക്കി.








