കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ഇന്ത്യൻ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വലിയൊരു മാറ്റത്തിന് വഴിവെച്ചതായി ഇന്ത്യൻ വാണിജ്യ-വ്യവസായ മന്ത്രി പീയൂഷ് ഗോയൽ. വ്യാപാര-നിക്ഷേപ ചർച്ചകൾക്കായി കാനഡയിൽ എത്തിയ അദ്ദേഹം, കനേഡിയൻ അന്താരാഷ്ട്ര വ്യാപാര മന്ത്രി മനിന്ദർ സിദ്ധുവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായാണ് ഈ പ്രതികരണം നടത്തിയത്. വരും വർഷങ്ങളിൽ ഇന്ത്യ-കാനഡ ബന്ധം അതീവ പ്രാധാന്യമുള്ളതാണെന്നും 2026-ൽ തന്നെ ഇരുരാജ്യങ്ങളും തമ്മിൽ സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയും കാനഡയും തമ്മിൽ 2010 മുതൽ വ്യാപാര ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും, 2023-ൽ കാനഡയിലെ സിഖ് വിഘടനവാദി നേതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുകയും ചർച്ചകൾ താല്ക്കാലികമായി നിലയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ 2025-ൽ മാർക്ക് കാർണി കാനഡയുടെ പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് മുൻഗണന നൽകി.
ഇതിന്റെ ഭാഗമായി കഴിഞ്ഞ മാർച്ചിൽ അദ്ദേഹം മുംബൈയും ന്യൂഡൽഹിയും സന്ദർശിച്ചിരുന്നു. ഈ സന്ദർശന വേളയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ആണവോർജ്ജ ഉൽപ്പാദനത്തിനായി 2.6 ബില്യൺ ഡോളറിന്റെ യുറേനിയം വിതരണ കരാറും, 5.5 ബില്യൺ ഡോളർ മൂല്യമുള്ള 10 വാണിജ്യ കരാറുകളും ഒപ്പുവെച്ചിരുന്നു.ഈ വർഷം തന്നെ സ്വതന്ത്ര വ്യാപാര കരാർ യാഥാർത്ഥ്യമാക്കുന്നതിനൊപ്പം, 2030-ഓടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം മൂന്നിരട്ടിയാക്കി 50 ബില്യൺ യുഎസ് ഡോളറിലെത്തിക്കുകയാണ് ലക്ഷ്യം.
ഖനനം, ഊർജ്ജം, ഓട്ടോമോട്ടീവ്, എയ്‌റോസ്‌പേസ് എന്നീ മേഖലകളിൽ നിന്നുള്ള നൂറിലധികം പ്രമുഖ വ്യവസായികൾ ഉൾപ്പെടുന്ന ചരിത്രത്തിലെ ഏറ്റവും വലിയ ബിസിനസ്സ് പ്രതിനിധി സംഘമാണ് പീയൂഷ് ഗോയലിനൊപ്പം കാനഡ സന്ദർശിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിൽ വളരെ വേഗത്തിലാണ് ഇപ്പോൾ കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതെന്നും ഇതിനെ ‘വാട്സാപ്പ് ഡിപ്ലോമസി’ എന്നുമാണ് കനേഡിയൻ മന്ത്രി മനിന്ദർ സിദ്ധു വിശേഷിപ്പിച്ചത്. തുടർചർച്ചകൾക്കായി ഈ വർഷം അവസാനം കാനഡയിൽ നിന്നുള്ള ഒരു വലിയ സംഘം ഇന്ത്യ സന്ദർശിക്കുമെന്നും അദ്ദേഹം അറിയിച്ചു. അമേരിക്കയ്ക്ക് പുറമെയുള്ള രാജ്യങ്ങളിലേക്കുള്ള തങ്ങളുടെ കയറ്റുമതി അടുത്ത പത്ത് വർഷത്തിനുള്ളിൽ ഇരട്ടിയാക്കാനുള്ള കാനഡയുടെ ശ്രമങ്ങൾക്ക് ഇന്ത്യയുമായുള്ള പങ്കാളിത്തം വലിയ കരുത്താകും.






