ആഗോള പാസ്‌പോർട്ട് റാങ്കിങ്ങിൽ മേധാവിത്വം നിലനിർത്തി കാനഡ. ഹെൻലി പാസ്‌പോർട്ട് ഇൻഡക്സിൻ്റെ ഏറ്റവും പുതിയ റാങ്കിങ് പ്രകാരം ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ടുകളുടെ പട്ടികയിൽ കാനഡ ഏഴാം സ്ഥാനത്താണ്. തുടർച്ചയായ മൂന്നാം വർഷമാണ് കാനഡ ഏഴാം സ്ഥാനത്തെത്തുന്നത്. ഇതോടെ കനേഡിയൻ പാസ്‌പോർട്ട് ഉടമകൾക്ക് വീസ-ഫ്രീ ആക്‌സസ്, വീസ ഓൺ അറൈവൽ അല്ലെങ്കിൽ ഇലക്‌ട്രോണിക് ട്രാവൽ ഓതറൈസേഷനുകൾ (ഇടിഎ) എന്നിവയിൽ നിന്നുള്ള പ്രത്യേകാവകാശം നേടിക്കൊണ്ട് വീസയില്ലാതെ 183 രാജ്യങ്ങൾ സന്ദർശിക്കാനാകും. നിരവധി രാജ്യങ്ങളുമായി കാനഡ പുലർത്തുന്ന ശക്തമായ നയതന്ത്ര ബന്ധവും കാനഡയുടെ സുരക്ഷയിലും കുടിയേറ്റ പ്രക്രിയകളിലുമുള്ള വിശ്വാസവുമാണ് ഇതിന് കാരണം. എന്നാൽ ഇന്ത്യ, റഷ്യ, പാകിസ്താൻ, ഉത്തര കൊറിയ, ഇറാഖ്, ഇറാൻ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ വീസ ആവശ്യമാണ്.
ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, മലേഷ്യ, ചെക്ക് റിപ്പബ്ലിക്, ലാത്വിയ, സ്ലൊവാക്യ, സ്ലൊവേനിയ എന്നീ രാജ്യങ്ങളും കാനഡയ്‌ക്കൊപ്പം ഏഴാം സ്ഥാനം പങ്കിടുന്നുണ്ട്. അതേസമയം അയൽരാജ്യമായ അമേരിക്ക പത്താം സ്ഥാനത്താണ്. യുകെ ആസ്ഥാനമായുള്ള ഹെൻലി ആൻഡ് പാർട്നേഴ്സ് പുറത്തുവിട്ട ഈ റിപ്പോർട്ട് പ്രകാരം സിംഗപ്പൂർ പാസ്‌പോർട്ടാണ് ലോകത്തിൽ ഒന്നാമത്. ജപ്പാൻ, ദക്ഷിണ കൊറിയ, യു.എ.ഇ എന്നീ രാജ്യങ്ങൾ രണ്ടാം സ്ഥാനം നേടി.







