ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ‘ധർമ്മ’ (ദുർഹം ഹിന്ദു മലയാളി അസോസിയേഷൻ) സംഘടിപ്പിച്ച ജന്മാഷ്ടമി ആഘോഷങ്ങൾ അവിസ്മരണീയമായി. ഓഗസ്റ്റ് ഒൻപതിന് മുതിർന്നവരും കുട്ടികളും ഒത്തുചേർന്ന വർണ്ണാഭമായ ശോഭായാത്രയോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. മുത്തുക്കുടകളും താലപ്പൊലിയും നാദബ്രഹ്മമൊരുക്കിയ ചെണ്ടമേളവും അകമ്പടിയേകിയപ്പോൾ, തെരുവോരങ്ങൾ ഗോകുലമായി മാറി. നൂറുകണക്കിന് കുട്ടി കൃഷ്ണന്മാരും രാധമാരും പുരാണകഥാപാത്രങ്ങളും അണിനിരന്ന ശോഭായാത്ര കാണികളുടെ മനം കവർന്നു.
ആഘോഷങ്ങൾക്ക് ഉണർവേകാൻ പരമ്പരാഗത ഉറിയടിയും സൈക്കിൾ റേസും ലെമൺ റേസും വടംവലിയും സംഘടിപ്പിച്ചിരുന്നു. കായിക മത്സരങ്ങൾക്കൊപ്പം കൊതിപ്പിക്കുന്ന ഭക്ഷണശാലകളും ജനശ്രദ്ധ നേടി. കുട്ടികൾക്കായി പോപ്കോൺ, കോട്ടൺ കാൻഡി, വൈവിധ്യമാർന്ന ജ്യൂസുകൾ എന്നിവ ഒരുക്കിയിരുന്നു. കൂടാതെ, തണുത്ത നാരങ്ങാവെള്ളം, സംഭാരം, നോർത്ത് ഇന്ത്യൻ ശൈലിയിലുള്ള പാനിപൂരി, ചാറ്റുകൾ എന്നിവയും ഉച്ചയോടെ ലൈവ് ദോശയും സ്വാദിഷ്ടമായ വെജിറ്റബിൾ ബിരിയാണിയും വിതരണം ചെയ്തു.







