ഉയർന്ന എണ്ണ ഉൽപാദനത്തെയും ഊർജ്ജ കയറ്റുമതിയെയും തുടർന്ന് ആൽബെർട്ടയുടെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുമ്പോഴും യുവാക്കൾ തൊഴിൽ കണ്ടെത്താൻ പ്രയാസം നേരിടുന്നതായി റിപ്പോർട്ട്. ഇതിൻ്റെ ഫലമായി 15നും 24നും ഇടയിൽ പ്രായമുള്ളവരുടെ തൊഴിലില്ലായ്മ നിരക്ക് 14.7 ശതമാനത്തിൽ എത്തിയിരിക്കുന്നു.
കാൽഗറിയിലും എഡ്മൻ്റണിലും ഇത് ഇതിലും കൂടുതലാണ്—യഥാക്രമം 18.3 ശതമാനവും 18.5 ശതമാനവുമാണ് യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ. സസ്‌കാച്ച്‌വാനിൽ ആറ് ശതമാനവും മാനിറ്റോബയിൽ 6.2 ശതമാനവു ഒൻ്റാരിയോയിൽ 7.9 ശതമാനവുമാണ് നിരക്ക്. കാനഡയിൽ ഏറ്റവും കുറഞ്ഞ പ്രായമുള്ള രണ്ടാമത്തെ ജനസംഖ്യയാണ് ആൽബെർട്ടയിലേത്. 38.1 വയസ്സാണ് ഇവിടുത്തെ ശരാശരി പ്രായം.
ഉയർന്ന യുവജന തൊഴിലില്ലായ്മയുടെ ഒരു പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത് അതിവേഗത്തിലുള്ള ജനസംഖ്യാ വളർച്ചയാണ്. മറ്റ് പ്രവിശ്യകളിൽ നിന്നും രാജ്യങ്ങളിൽ നിന്നും യുവാക്കൾ ഉൾപ്പടെയുള്ള ധാരാളം പേർ ആൽബെർട്ടയിലേക്ക് എത്തുന്നുണ്ട്. ഇതിൻ്റെ ഫലമായി തൊഴിലാളികളുടെ എണ്ണം ജോലികളുടെ എണ്ണത്തേക്കാൾ വേഗത്തിലാണ് വർദ്ധിക്കുന്നത്.







