മാർത്തോമ്മാ ചർച്ച് ഓഫ് ഡാലസ് ഫാർമേഴ്സ് ബ്രാഞ്ച് ഇടവകയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 27-ാമത് മാർത്തോമ്മാ ഫെസ്റ്റ് ഒക്ടോബർ 3 ശനിയാഴ്ച ഉച്ചയ്ക്ക് 2 മുതൽ രാത്രി 9 വരെ മാർത്തോമാ ഇവൻ്റ് സെന്ററിൽ നടക്കും. കലാ-സാംസ്കാരിക പരിപാടികൾ, ഭക്ഷ്യമേള, കുടുംബ വിനോദങ്ങൾ, വിവിധ സാമൂഹിക പ്രവർത്തനങ്ങൾ എന്നിവ അടക്കം വിപുലമായ പരിപാടികളാണ് ഫെസ്റ്റിൽ ഒരുക്കിയിരിക്കുന്നത്. ഫെസ്റ്റിന്റെ ഭാഗമായി നടക്കുന്ന പൊതുസമ്മേളനത്തിൽ ഫാർമേഴ്സ് ബ്രാഞ്ച് സിറ്റി മേയർ ടെറി ലിൻ മുഖ്യാതിഥിയായി പങ്കെടുക്കും. ഇടവക വികാരി റവ. എബ്രഹാം വി. സാംസൺ, സഹവികാരി റവ. ജെസ്വിൻ ജോൺ, മാർത്തോമ്മാ ഫെസ്റ്റ് കമ്മിറ്റി കൺവീനർമാരായ ഡൊമിനിക് ജോസഫ്, സക്കറിയ മാത്യൂ , മിഷൻ കോർഡിനേറ്റർ സാം അലക്സ് എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.
ഫെസ്റ്റിൽ വിവിധതരം ദക്ഷിണേന്ത്യൻ ഭക്ഷണങ്ങളും ബേക്കറി വിഭവങ്ങളും ലഭ്യമാകും. ലൈവ് സംഗീതപരിപാടികൾ, നൃത്തം, ഗാനമേള, സ്കിറ്റ് തുടങ്ങിയ കലാപരിപാടികൾക്കൊപ്പം കുടുംബസമേതം ആസ്വദിക്കാവുന്ന കാർണിവൽ, കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ വിനോദ പരിപാടികൾ എന്നിവയും ഉണ്ടായിരിക്കും. കൂടാതെ ഓട്ടോ മീറ്റ്, പ്രാദേശിക ഫയർ ട്രക്ക് പ്രദർശനം, വിവിധ വെൻഡർ സ്റ്റാളുകൾ, കമ്മ്യൂണിറ്റി ആകർഷണങ്ങൾ എന്നിവയും ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
ഫെസ്റ്റിൽനിന്നുള്ള വരുമാനം ഇടവകയുടെ വിവിധ സുവിശേഷ-സാമൂഹിക സേവന പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കും. കരുതൽ (CARD – Christian Agency for Rural Development), ടിബറ്റൻ മിഷൻ, പ്രാദേശിക മിഷൻ പ്രവർത്തനങ്ങൾ എന്നിവയ്ക്കും ഫെസ്റ്റിലൂടെ പിന്തുണ നൽകും.







