കലിഫോർണിയയിലെ സാക്രമെന്റോയിൽ ഇന്ത്യൻ വംശജയായ ശാലിനി താക്കൂർ (38) എന്ന യുവതിയെ വിവാഹാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ രോഹിത് (22) എന്ന യുവാവ് വെടിവച്ചു കൊലപ്പെടുത്തി. ജോലിസ്ഥലത്തെ പാർക്കിംഗ് ഏരിയയിൽ വെച്ച് ശാലിനിയെ തടഞ്ഞുനിർത്തി പലതവണ വെടിയുതിർത്ത പ്രതി, പിന്നീട് പൊലീസുമായി ഉണ്ടായ ഏറ്റുമുട്ടലിനിടയിൽ സ്വയം വെടിയുതിർത്ത് ജീവനൊടുക്കുകയാണുണ്ടായത്.
ശാലിനി ജോലി ചെയ്തിരുന്ന റെസ്റ്റോറന്റിൽ വെയിറ്ററായി ജോലി ചെയ്തിരുന്നപ്പോഴാണ് ഇരുവരും പരിചയപ്പെടുന്നത്. എന്നാൽ വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് മാസങ്ങളോളം പ്രതി ശാലിനിയെ പിന്തുടർന്ന് ശല്യപ്പെടുത്തുകയും കാറിന്റെ ബോണറ്റിനടിയിൽ ആപ്പിൾ എയർടാഗ് ഒളിപ്പിച്ച് നിരീക്ഷിക്കുകയും ചെയ്തിരുന്നു. ശല്യം രൂക്ഷമായതിനെ തുടർന്ന് ശാലിനി കോടതിയിൽ നിന്ന് ‘റിസ്ട്രെയിനിങ് ഓർഡർ’ നേടിയിരുന്നെങ്കിലും, 2023-ൽ അരിസോണ അതിർത്തി വഴി യുഎസിലേക്ക് അനധികൃതമായി കടന്ന പ്രതി കോടതി ഉത്തരവുകൾ ലംഘിച്ച് ഭീഷണി തുടരുകയായിരുന്നു. മാസങ്ങളോളം പരാതിപ്പെട്ടിട്ടും മകൾക്ക് മതിയായ സംരക്ഷണം നൽകാൻ അധികൃതർക്ക് കഴിഞ്ഞില്ലെന്ന് ശാലിനിയുടെ കുടുംബം ആരോപിക്കുന്നു.







