ഫിലഡൽഫിയ: ചെയ്യാത്ത കുറ്റത്തിന് യുഎസ് ജയിലിൽ 43 വർഷം കഴിഞ്ഞ ഇന്ത്യൻ വംശജനെ നാടുകടത്താൻ നടത്തിയ ശ്രമം കോടതികൾ ഇടപെട്ട് തടഞ്ഞു. സുബ്രഹ്മണ്യം വേദം (64) എന്ന യുഎസ് പൗരനാണ് കടുത്ത അനീതിക്ക് ഇരയായത്. 9 മാസം പ്രായമുള്ള സമയത്ത് പിതാവിനൊപ്പം യുഎസിലെത്തിയതാണ് സുബ്രഹ്മണ്യം. 1980ൽ സുഹൃത്ത് തോമസ് കിൻസറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ വധശിക്ഷയ്ക്ക് വിധിച്ചു. പിന്നീട് വധശിക്ഷയിൽ ഇളവു കിട്ടി.
കഴിഞ്ഞ ഓഗസ്റ്റിൽ സുബ്രഹ്മണ്യം നിരപരാധിയാണെന്നതിന് ആസ്പദമായ തെളിവുകൾ പുറത്തുവന്നു. ഇതോടെ കഴിഞ്ഞ മാസം 3ന് 43 വർഷത്തിനു ശേഷം മോചിപ്പിച്ചു. ഉടൻ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത് നാടുകടത്താൻ വേണ്ടി ലൂസിയാനയിലെ വിമാനത്താവളത്തിൽ എത്തിക്കുകയാണ് ചെയ്തത്. കൊലക്കേസിൽ കുറ്റവിമുക്തനാക്കിയെങ്കിലും പഴയൊരു ലഹരിമരുന്ന് കേസ് സുബ്രഹ്മണ്യത്തിന്റെ പേരിലുണ്ടെന്നാണ് അധികൃതർ വാദിച്ചത്. ഈ വാദം ഇമിഗ്രേഷൻ കോടതിയും പെൻസിൽവാനിയ ഡിസ്ട്രിക്ട് കോടതിയും സ്റ്റേ ചെയ്തു.







