വൻകൂവർ : വടക്കൻ ബ്രിട്ടിഷ് കൊളംബിയയിൽ (B.C.) സി.എൻ. റെയിൽ (CN Rail) ട്രെയിൻ പാളം തെറ്റി. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1:10-ഓടെയാണ് സംഭവം. അപകടത്തിൽ ട്രെയിനിന്‍റെ നിരവധി ബോഗികൾ പാളം തെറ്റുകയും ട്രെയിനിലുണ്ടായിരുന്ന രണ്ട് ജീവനക്കാർക്ക് പരുക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. ബി.സി.യിലെ ടെറസ് (Terrace) നിന്നും ഏകദേശം 16 കിലോമീറ്റർ അകലെ ഹൈവേ 16-ലെ 13000 ബ്ലോക്കിൽ സ്കീന നദിയ്ക്ക് (Skeena River) സമീപമാണ് അപകടമുണ്ടായത്. അപകടത്തിൽപ്പെട്ട ചില ബോഗികൾ സ്കീന നദിയിലേക്ക് വീണതായി ടെറസ് ആർ.സി.എം.പി (Terrace RCMP) അറിയിച്ചു.
സംഭവസ്ഥലത്തുനിന്നുള്ള ദൃശ്യങ്ങളിൽ, ട്രെയിനിന്‍റെ ബോഗികൾ വെള്ളത്തിൽ കിടക്കുന്നതും, മറ്റു ചിലത് പാളത്തിന് മുകളിലും സമീപത്തുമായി ചരിഞ്ഞുകിടക്കുന്നതും കാണാം. പാളം തെറ്റിയ ബോഗികൾ സുരക്ഷിതമായി നീക്കം ചെയ്യുന്നതിനുള്ള ക്രമീകരണങ്ങൾ ആരംഭിച്ചതായി സി.എൻ. റെയിൽ വക്താവ് ആഷ്‌ലി മിക്‌നോവ്‌സ്കി പറഞ്ഞു. ട്രെയിൻ പാളം തെറ്റിയതുമൂലം തീപിടുത്തമോ, അപകടകരമായ വസ്തുക്കൾ ചോരുകയോ ഉണ്ടായിട്ടില്ലെന്നും, പൊതുജന സുരക്ഷയ്ക്ക് ഭീഷണിയില്ലെന്നും ആഷ്‌ലി മിക്‌നോവ്‌സ്കി അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.








