ഫ്ലോറിഡ : കാലിഫോർണിയയ്ക്ക് പിന്നാലെ യുഎസിലെ സൗത്ത് ഫ്ലോറിഡയിലും മിന്നൽ പ്രളയം. നിരവധി റോഡുകളും വീടുകളും വെള്ളത്തിനടിയിലായി. മേഖലയിലുടനീളം ഗതാഗതം താറുമാറായി. പ്രളയത്തിൽ ഹൈവേകളുടെ വിവിധ ഭാഗങ്ങള്‍ അടച്ചുപൂട്ടുകയും ഹോളിവുഡ് നഗരത്തിലെ ജൂത സിനഗോഗിന്‍റെ മേല്‍ക്കൂര തകര്‍ന്നുവീഴുകയും ചെയ്തു. നാഷണല്‍ വെതര്‍ സര്‍വീസിന്‍റെ പ്രാഥമിക കണക്കുകള്‍ പ്രകാരം ബ്രോവാര്‍ഡ് കൗണ്ടിയിലെ ചില ഭാഗങ്ങളില്‍ 24 മണിക്കൂറിനിടെ 39 സെൻ്റീമീറ്റര്‍ മഴ പെയ്തിറങ്ങി. വെള്ളിയാഴ്ച വരെ ഫ്ലോറിഡയുടെ അറ്റ്‌ലാൻ്റിക് തീരത്ത് മഴ തുടരുമെന്നും 30 സെൻ്റീമീറ്റര്‍ വരെ അധികമഴ ലഭിക്കാമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
കനത്ത മഴയെ തുടര്‍ന്ന് ബ്രോവാര്‍ഡ് കൗണ്ടിയും ഫോര്‍ട്ട് ലോഡര്‍ഡേല്‍, ഹോളിവുഡ് നഗരങ്ങളും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അനാവശ്യ യാത്രകളും വാഹനയാത്രകളും ഒഴിവാക്കണമെന്ന് ഹോളിവുഡ് മേയര്‍ ജോഷ് ലെവി ജനങ്ങളോട് അഭ്യര്‍ഥിച്ചു. വെള്ളക്കെട്ടും റോഡുകളില്‍ കുടുങ്ങിയ വാഹനങ്ങളും കാരണം ഫ്ലോറിഡ ടേണ്‍പൈക്കിന്‍റെയും ഇന്‍റര്‍സ്റ്റേറ്റ് 95 ഹൈവേയുടെയും ചില ഭാഗങ്ങള്‍ അടച്ചു.
പ്ലാൻ്റേഷന്‍ മേഖലയിലാണ് ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത്. ഫോര്‍ട്ട് ലോഡര്‍ഡേലില്‍ ബുധനാഴ്ച പുലര്‍ച്ചെ അവസാനിച്ച ശക്തമായ മഴയില്‍ 5.72 ഇഞ്ച് മഴ ലഭിച്ചു. 1959-ല്‍ രേഖപ്പെടുത്തിയ 1.8 ഇഞ്ചിന്‍റെ പ്രതിദിന റെക്കോര്‍ഡാണ് ഇതോടെ മറികടന്നത്. വെള്ളപ്പൊക്ക ഭീഷണിയെ തുടര്‍ന്ന് ബ്രോവാര്‍ഡ്, മയാമി-ഡേഡ് കൗണ്ടികളിലെ സ്‌കൂളുകള്‍ക്ക് വ്യാഴാഴ്ച അവധി നൽകാനും അധികൃതര്‍ തീരുമാനിച്ചു.








