കാനഡയിൽ ബാർബിക്യൂ സീസണ് പിന്നാലെ ബീഫ് വില അനുദിനം കുതിച്ചുയരുന്നത് സാധാരണക്കാരെ പ്രതിസന്ധിയിലാക്കുന്നതായി റിപ്പോർട്ട്. കന്നുകാലി ക്ഷാമമാണ് വിലക്കയറ്റത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ബീഫ് വിലയിൽ 13 ശതമാനത്തോളം വർധനയാണ് ഉണ്ടായിരിക്കുന്നത്. അതേസമയം പന്നിയിറച്ചിക്ക് 3 ശതമാനവും കോഴിയിറച്ചിക്ക് വെറും 1.8 ശതമാനവും മാത്രമാണ് വില കൂടിയത്.
വടക്കേ അമേരിക്കയിൽ ചരിത്രത്തിലാദ്യമായാണ് കന്നുകാലികളുടെ എണ്ണം ഇത്രയും കുറയുന്നത്. ഉയർന്ന ഉൽപ്പാദനച്ചെലവ്, കടുത്ത വരൾച്ച, ഇന്ധനവില വർധന തുടങ്ങിയവ കാനഡയിലെ കന്നുകാലി കർഷകരെ പ്രതിസന്ധിയിലാക്കി. കൂടാതെ അമേരിക്കയിലുണ്ടായ വരൾച്ചയും കന്നുകാലി വളർത്തലിനെ മോശമായി ബാധിച്ചു. ഇത് കാനഡയിൽ മാട്ടിറച്ചിയുടെ ലഭ്യതക്കുറവിനും റെക്കോർഡ് വിലക്കയറ്റത്തിനും കാരണമായി. പടിഞ്ഞാറൻ കാനഡയിലെ കടുത്ത വരൾച്ചയും, ഉയർന്ന ഇന്ധന-വള വിലകളും കർഷകരുടെ പ്രതിസന്ധി ഇരട്ടിയാക്കി. ഇത് പല കർഷകരെയും കന്നുകാലികളെ വിൽക്കാൻ നിർബന്ധിതരാക്കി. കൃഷിയിടങ്ങളിലും കശാപ്പ് ശാലകളിലും അനുഭവപ്പെടുന്ന തൊഴിലാളി ക്ഷാമം ഉൽപ്പാദനത്തെ സാരമായി ബാധിക്കുന്നുണ്ട്.







