2026 ഫിഫ ലോകകപ്പിലെ ആതിഥേയ ടീമുകളിൽ ഒന്നായ കാനഡ പുതിയ അധ്യായം കുറിക്കാൻ ഇന്ന് ഇറങ്ങും. ലോകകപ്പിനായി താൽക്കാലികമായി ടൊറൻ്റോ സ്റ്റേഡിയം എന്ന് പുനർനാമകരണം ചെയ്യപ്പെട്ട ബിഎംഒ ഫീൽഡിൽ ഇന്ന് ഉച്ചകഴിഞ്ഞു മൂന്ന് മണിക്ക് കരുത്തരായ ബോസ്നിയ-ഹെർസഗോവിനയെയാണ് കാനഡ നേരിടുന്നത്.
ലോകകപ്പ് വേദിയിൽ തങ്ങളുടെ ആദ്യ വിജയമാണ് കാനഡ ലക്ഷ്യമിടുന്നത്. 1986-ലും 2022-ലും ലോകകപ്പ് യോഗ്യത നേടിയെങ്കിലും, ഒരൊറ്റ മത്സരത്തിൽ പോലും വിജയം സ്വന്തമാക്കാൻ കനേഡിയൻ ടീമിന് സാധിച്ചിരുന്നില്ല. അതേസമയം നായകൻ അൽഫോൺസോ ഡേവിസ് പരുക്കിൽ നിന്നും പൂർണ്ണമായി മുക്തനാകാത്തത് കാനഡയ്ക്ക് വൻ തിരിച്ചടിയാകും. ബയേൺ മ്യൂണിക്ക് താരമായ ഡേവിസ് ഇന്ന് കളിക്കില്ലെന്ന് കോച്ച് ജെസ്സി മാർഷ് സ്ഥിരീകരിച്ചു. പരുക്കേറ്റ പ്രതിരോധ താരം മോയിസ് ബോംബിറ്റോ ടീമിൽ തിരിച്ചെത്തിയത് കാനഡയ്ക്ക് ആശ്വാസമാകും.






