ബ്രിട്ടിഷ് കൊളംബിയ തിരഞ്ഞെടുപ്പ് ചൂടിലേക്ക്. നാടിൻ്റെ ഭാവി തീരുമാനിക്കാൻ ജനങ്ങൾക്ക് അവസരമൊരുക്കി ഒക്ടോബറിൽ പൊതുതിരഞ്ഞെടുപ്പ് നടക്കുമെന്ന് പ്രീമിയർ ഡേവിഡ് എബി പ്രഖ്യാപിച്ചു. ഒക്ടോബർ 17-ന് നടക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് കഴിഞ്ഞ് കൃത്യം ഒരു ആഴ്ചയ്ക്ക് ശേഷം ഒക്ടോബർ 24 ശനിയാഴ്ചയാണ് പൊതുതിരഞ്ഞെടുപ്പ് നടക്കുക.
ചൊവ്വാഴ്ച നിയമസഭ പിരിച്ചുവിട്ടതോടെ പ്രവിശ്യയിൽ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ഔദ്യോഗികമായി തുടക്കമായി. സ്ഥാനാർത്ഥികൾക്ക് ഒക്ടോബർ 3 ശനിയാഴ്ച ഉച്ചയ്ക്ക് 1 മണി വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. വോട്ടെടുപ്പ് ദിനമായ ഒക്ടോബർ 24-ന് രാവിലെ 8 മുതൽ രാത്രി 8 വരെ ആളുകൾക്ക് വോട്ട് രേഖപ്പെടുത്താം. ഒക്ടോബർ 16 മുതൽ 21 വരെ ആളുകൾക്ക് മുൻകൂട്ടി വോട്ട് (Advance voting) ചെയ്യാം. കൂടാതെ തപാൽ വഴിയും വോട്ട് ചെയ്യാം. ഓൺലൈനായോ ഫോണിലൂടെയോ തപാൽ വോട്ടിനായി അപേക്ഷിക്കാം. ഇവ ഒക്ടോബർ 24 രാത്രി 8 മണിക്ക് മുൻപായി ഇലക്ഷൻ ഓഫീസിൽ എത്തിക്കണം.
കനേഡിയൻ പൗരത്വമുള്ള, 18 വയസ്സ് തികഞ്ഞ, 2026 ഏപ്രിൽ 23 മുതൽ ബ്രിട്ടിഷ് കൊളംബിയയിൽ സ്ഥിരതാമസക്കാരായ ആളുകൾക്കാണ് വോട്ടവകാശമുള്ളത്. ഒക്ടോബർ 1-ന് മുൻപ് പേര് രജിസ്റ്റർ ചെയ്യുന്നവർക്ക് വോട്ട് ചെയ്യേണ്ട സ്ഥലം വ്യക്തമാക്കുന്ന കാർഡ് വീട്ടിലെത്തും. വോട്ടിംഗ് കേന്ദ്രങ്ങളിൽ നേരിട്ടെത്തിയും പേര് രജിസ്റ്റർ ചെയ്യാം.







