ലിമ: ഈ ആഴ്ച അവസാനം പാപ്പാ ലിയോ പെറുവിലെത്തുന്നതിന് മുൻപായി പസഫിക് സമുദ്രതീരത്ത് അദ്ദേഹത്തിന്റെ കൂറ്റൻ പ്രതിമ ഉയർന്നു. തൻ്റെ തെക്കേ അമേരിക്കൻ പര്യടനത്തിന്റെ അവസാന ഭാഗവും വ്യക്തിപരമായി ഏറെ പ്രാധാന്യമുള്ളതുമായ പെറു സന്ദർശനത്തിന് മുന്നോടിയായാണ്, കൈകൾ ഇരുവശത്തേക്കും നീട്ടിനിൽക്കുന്ന പാപ്പായുടെ കൂറ്റൻ വെളുത്ത പ്രതിമ തിങ്കളാഴ്ച അനാച്ഛാദനം ചെയ്തത്.
പെറുവിയൻ തലസ്ഥാനമായ ലിമയോട് ചേർന്നുനിൽക്കുന്ന തുറമുഖ നഗരമായ കല്ലാവോയിലാണ് (Callao) 14 മീറ്റർ (46 അടി) ഉയരമുള്ള ഈ സ്മാരകം സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാപ്പായുടെ ശില്പമാണിതെന്ന് കല്ലാവോ മുൻസിപ്പാലിറ്റി അവകാശപ്പെടുന്നു. അമേരിക്കയിൽ ജനിച്ച ആദ്യത്തെ പാപ്പായെ തങ്ങളുടെ സ്വന്തം ആളെന്ന പോലെയാണ് പെറുവിയൻ ജനത സ്വീകരിച്ചിരിക്കുന്നത്.
വ്യാഴാഴ്ച പെറുവിലെത്തുന്നതോടെ ലിയോ പാപ്പായുടെ 12 ദിവസത്തെ ഉറൂഗ്വേ, അർജന്റീന, പെറു എന്നീ മൂന്ന് രാജ്യങ്ങളിലെ സന്ദർശനം പൂർത്തിയാകും. മാർപ്പാപ്പയായ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ തെക്കേ അമേരിക്കൻ സന്ദർശനമാണിത്. മുൻപ് ഒരു മിഷനറിയായി വർഷങ്ങളോളം അദ്ദേഹം പ്രവർത്തിച്ച മേഖല കൂടിയാണിത്. രാഷ്ട്രീയമായി ഭിന്നിച്ചുനിൽക്കുന്ന ഈ മേഖലയിൽ കൂടുതൽ ഐക്യം ആഹ്വാനം ചെയ്യാനും സാമൂഹികവും സാമ്പത്തികവും പാരിസ്ഥിതികവുമായ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യാനുമാണ് 71-കാരനായ മാർപ്പാപ്പ ഈ സന്ദർശനം ഉപയോഗപ്പെടുത്തിയത്.
“പാപ്പായ്ക്കുള്ള ഏറ്റവും മികച്ച സ്വാഗതമാണിത്,” പ്രതിമയുടെ അനാച്ഛാദനത്തിന് അമ്മയോടൊപ്പം എത്തിയ നതാലിയ മൊറാൻ (29) പറഞ്ഞു. “വെൽക്കം ഹോം, പോപ്പ് ലിയോ” എന്ന സന്ദേശവും പാപ്പായുടെ ചിത്രവുമുള്ള ടീ-ഷർട്ടുകളാണ് ഇരുവരും ധരിച്ചിരുന്നത്. കടൽത്തീരത്തെ പാർക്കിൽ നടന്ന അനാച്ഛാദന ചടങ്ങിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. പ്രതിമയെ മൂടിയ വലിയ വെളുത്ത തുണി മാറ്റിയപ്പോൾ ജനക്കൂട്ടം ആർത്തുവിളിക്കുകയും യുവജന ഗായകസംഘം ഗാനം ആലപിക്കുകയും ചെയ്തു. ലിയോ പാപ്പായുടെ മുകളിലത്തെ ചുണ്ടിന് മുകളിലുള്ള ചെറിയ മറുകുപോലും കൃത്യമായി ഇതിൽ ആവിഷ്കരിച്ചിട്ടുണ്ട്.
സ്റ്റീൽ, ഫൈബർഗ്ലാസ്, റെസിൻ എന്നിവ ഉപയോഗിച്ച് നിർമ്മിച്ച ഈ കൂറ്റൻ പ്രതിമ കഴിഞ്ഞ ആഴ്ചയാണ് തലസ്ഥാനത്തുടനീളം ട്രെയിലറുകളിൽ കഷണങ്ങളായി എത്തിച്ചത്. തുടർന്ന് ക്രെയിനുകൾ ഉപയോഗിച്ച് ശരീരഭാഗങ്ങളും നീട്ടിയ കൈകളും കൂട്ടിച്ചേർക്കുകയായിരുന്നു. ശില്പികളായ റാഫേൽ ഗുട്ടിയെറസ് (43), ഡെയ്‌വി വോങ് (42) എന്നിവരും അവരുടെ സംഘവും ചേർന്ന് വെറും 45 ദിവസ കൊണ്ടാണ് ഈ നിർമ്മിതി പൂർത്തിയാക്കിയത്. മുൻസിപ്പാലിറ്റി നൽകിയ അടിസ്ഥാന രൂപകല്പനയിൽ നിന്ന് തുടങ്ങി, പാപ്പായുടെ ചിത്രങ്ങൾ വിശദമായി പഠിച്ച ശേഷമാണ് അവർ ശില്പം പൂർത്തിയാക്കിയത്. സമീപകാലത്ത് അക്രമ സംഭവങ്ങൾ വർദ്ധിച്ച കല്ലാവോ നഗരത്തിൽ, ഈ പ്രതിമ “ഇവിടെ ജീവിക്കുന്ന എല്ലാവർക്കുമിടയിൽ സമാധാനം നിലനിൽക്കണം” എന്ന സന്ദേശം നൽകുമെന്ന് ശില്പി ഡെയ്‌വി വോങ് പ്രത്യാശ പ്രകടിപ്പിച്ചു.
പാപ്പായുടെ തിരിച്ചുവരവ് പെറുവിൽ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്. ലിമയിലും ചിക്കലായോയിലും (Chiclayo) നടക്കുന്ന വലിയ കുർബാനകളിൽ ദശലക്ഷക്കണക്കിന് ആളുകൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലിമയിലെ വ്യാപാരികൾ പാപ്പായുടെ ചിത്രങ്ങളുള്ള വസ്ത്രങ്ങളും സ്മരണികകളും വിറ്റഴിക്കുന്നുണ്ട്. മുൻപ് ബിഷപ്പായി സേവനമനുഷ്ഠിച്ച വടക്കൻ നഗരമായ ചിക്കലായോയിലും പാപ്പായുടെ മറ്റൊരു പ്രതിമ സ്ഥിതിചെയ്യുന്നുണ്ട്. വ്യാഴാഴ്ച കല്ലാവോയിലെ വ്യോമതാവളത്തിൽ എത്തുന്ന പാപ്പാ ലിയോ തുടര്‍ന്ന് പെറുവിയൻ പ്രസിഡന്റ് കീക്കോ ഫുജിമോറിയുമായി (Keiko Fujimori) കൂടിക്കാഴ്ച നടത്തും.







