രാജ്യത്തെ ജനസംഖ്യ വർധിപ്പിക്കാൻ കുടിയേറ്റ നിയന്ത്രണങ്ങളിൽ ഇളവ് നൽകുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി. കോവിഡിന് ശേഷം രാജ്യത്തുണ്ടായ അനിയന്ത്രിതമായ ജനസംഖ്യാ വർധനയും ഭവന-ആരോഗ്യ മേഖലകളിലെ കടുത്ത പ്രതിസന്ധിയും പരിഗണിച്ച്, താൽക്കാലിക തൊഴിലാളികളുടെയും അന്താരാഷ്ട്ര വിദ്യാർത്ഥികളുടെയും വരവ് വെട്ടിച്ചുരുക്കുന്ന നയമാണ് കാനഡ സ്വീകരിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ കാനഡയിലെ കുടിയേറ്റ സംവിധാനം പൂർണ്ണമായും സർക്കാർ നിയന്ത്രണത്തിലാണെന്നും ജനസംഖ്യാ വർധനയ്ക്ക് അനിവാര്യമായ ഇളവുകൾ പരിഗണിക്കുന്നുണ്ടെന്നും മാർക്ക് കാർണി വ്യക്തമാക്കി.
വിദ്യാർത്ഥികളുടെയും താൽക്കാലിക ജീവനക്കാരുടെയും അനുപാതം മൊത്തം ജനസംഖ്യയുടെ 7 ശതമാനത്തിൽ നിന്ന് 5 ശതമാനത്തിലേക്ക് എത്തിക്കുക എന്നതായിരുന്നു സർക്കാറിന്‍റെ ലക്ഷ്യം. നിലവിലെ നിയന്ത്രണങ്ങളിലൂടെ കുടിയേറ്റ പ്രക്രിയ ത്വരിതപ്പെടുത്താൻ സാധിച്ചതിനാലാണ് ഇനി ജനസംഖ്യാ വർധനയെക്കുറിച്ച് ആലോചിക്കുന്നതെന്ന് കാർണി പറഞ്ഞു.
അതേസമയം, പ്രധാനമന്ത്രിയുടെ പുതിയ നിലപാടിനെതിരെ ശക്തമായ വിമർശനവും ഉയരുന്നുണ്ട്. വരും വർഷങ്ങളിലും കാനഡയിലേക്കുള്ള കുടിയേറ്റ നിരക്ക് ഇനിയും കുറയ്ക്കണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെടുന്നു. നിലവിലെ സാഹചര്യത്തിൽ കുടിയേറ്റ നിരക്ക് ഉയർത്തുകയല്ല, മറിച്ച് കുറയ്ക്കുകയാണ് വേണ്ടതെന്ന് കൺസർവേറ്റീവ് പാർട്ടി നേതാവ് മിഷേൽ റെംപൽ ഗാർണർ പറയുന്നു.







