അബുദാബിയിൽ നടന്ന ബിഗ് ടിക്കറ്റ് സീരീസ് 291 ബിഗ് സ്പിൻ ലൈവ് നറുക്കെടുപ്പിൽ ഇന്ത്യ ഉൾപ്പെടെ മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്ക് വൻ തുക സമ്മാനമായി ലഭിച്ചു. ഇന്ത്യ, ബംഗ്ലാദേശ്, ഈജിപ്ത് എന്നീ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്കാണ് ഇത്തവണ സമ്മാനങ്ങൾ ലഭിച്ചത്. ആകെ 2,25,000 ദിർഹമാണ് (ഏകദേശം 53 ലക്ഷത്തോളം ഇന്ത്യൻ രൂപ) സമ്മാനമായി വിതരണം ചെയ്തത്. ഇതിൽ ഏറ്റവും വലിയ തുകയായ 1,00,000 ദിർഹം (ഏകദേശം 26 ലക്ഷത്തിലേറെ ഇന്ത്യൻ രൂപ) സ്വന്തമാക്കിയത് യുഎഇയിൽ വ്യാപാരിയായ ബിഹാർ സ്വദേശി അരുൺ കുമാർ യാദവാണ്.
കഴിഞ്ഞ നാല് വർഷമായി അബുദാബിയിൽ താമസിക്കുന്ന അരുൺ കുമാർ, സഹപ്രവർത്തകർ സ്ഥിരമായി ടിക്കറ്റുകൾ വാങ്ങുന്നത് കണ്ടാണ് ഈ ഭാഗ്യപരീക്ഷണത്തിന് ഇറങ്ങിയത്. അന്നുമുതൽ സുഹൃത്തുക്കൾക്കൊപ്പം ടിക്കറ്റെടുക്കുന്നത് അദ്ദേഹത്തിന്റെ ഒരു ശീലമായി മാറി. ഒൻപത് സുഹൃത്തുക്കളടങ്ങുന്ന സംഘത്തോടൊപ്പമാണ് ഇത്തവണയും അദ്ദേഹം ടിക്കറ്റെടുത്തത്. സമ്മാനത്തുക ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും തന്റെ വിഹിതം മകനുവേണ്ടി ചെലവഴിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇവർക്ക് പുറമെ, ബംഗ്ലാദേശ് സ്വദേശിയായ തൊഴിലാളി എം.ഡി നാസിറുദ്ദീന് 50,000 ദിർഹവും ഈജിപ്ത് സ്വദേശിയായ താഹാ ഹൈഫ്നിക്ക് 75,000 ദിർഹവും സമ്മാനമായി ലഭിക്കുകയുണ്ടായി.







