സൈബർ ലോകത്ത് വലിയ തരംഗമുണ്ടാക്കിയ ആന്ത്രോപിക്കിന്റെ ‘ക്ലോഡ് മിത്തോസി’ന് കടുത്ത വെല്ലുവിളിയുയർത്തി ഗൂഗിൾ തങ്ങളുടെ പുതിയ എഐ മോഡലായ ‘Gemini 3.5 Flash Cyber’ പുറത്തിറക്കി. നിലവിൽ ലഭ്യമായ ചെലവേറിയ സൈബർ സുരക്ഷാ മോഡലുകൾക്ക് പകരമായി കുറഞ്ഞ ചെലവിൽ ഉപയോഗിക്കാവുന്ന ഒന്നാണിത്. എഐ രംഗത്തെ വമ്പന്മാരായ ആന്ത്രോപിക്, ഓപ്പൺഎഐ എന്നിവർക്ക് വലിയ തിരിച്ചടിയ നൽകുന്ന നീക്കമാണിത്. കമ്പനിയുടെ തന്നെ ആന്തരിക കോഡ് സുരക്ഷാ ഏജന്റായ ‘CodeMender’-നെ അടിസ്ഥാനമാക്കിയാണ് ഇത് വികസിപ്പിച്ചിരിക്കുന്നത്. സോഫ്റ്റ്വെയറുകളിലെ ഗുരുതരമായ സുരക്ഷാ പഴുതുകൾ സ്വയം സ്കാൻ ചെയ്ത് കണ്ടെത്താനും അവ പരിഹരിക്കാനും ഈ മോഡലിന് സാധിക്കും.
വളരെ ലളിതമായ ഘടനയുള്ളതിനാൽ അതിവേഗത്തിലും കുറഞ്ഞ ചെലവിലും ആവർത്തിച്ചുള്ള പരിശോധനകൾ നടത്താൻ Gemini 3.5 Flash Cyber-ന് കഴിയും. വൻകിട എഐ മോഡലുകൾക്ക് തുല്യമായ മികച്ച പ്രകടനമാണ് പരീക്ഷണ ഘട്ടത്തിൽ ഇത് കാഴ്ചവെച്ചത്. ഗൂഗിളിന്റെ പ്രധാന സേവനങ്ങളായ ക്രോം, ആൻഡ്രോയിഡ്, ഗൂഗിൾ ക്ലൗഡ്, യൂട്യൂബ്, ആഡ്സ് എന്നിവയിലെ സുരക്ഷാ പഴുതുകൾ കണ്ടെത്തി പരിഹരിക്കുന്നതിന് നിലവിൽ ഈ മോഡൽ ഉപയോഗിക്കുന്നുണ്ട്. സമീപകാലത്ത് നടന്ന പരിശോധനയിൽ, വെറും രണ്ട് മണിക്കൂറിനുള്ളിൽ പൊതു എപിഐകളിലെ റിമോട്ട് കോഡ് എക്സിക്യൂഷൻ പിഴവുകളും മെമ്മറി കറപ്ഷൻ തകരാറുകളും കണ്ടെത്താൻ ഈ മോഡലിന് സാധിച്ചു.
ഈ സാങ്കേതികവിദ്യ തെറ്റായ രീതിയിൽ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത മുന്നിൽക്കണ്ട് അതീവ ജാഗ്രതയോടെയാണ് ഗൂഗിൾ ഇത് അവതരിപ്പിക്കുന്നത്. ആദ്യഘട്ടത്തിൽ പൈലറ്റ് പ്രോഗ്രാം വഴി സർക്കാർ സ്ഥാപനങ്ങൾക്കും വിശ്വസനീയരായ എന്റർപ്രൈസ് പങ്കാളികൾക്കും മാത്രമായിരിക്കും CodeMender വഴി ഇത് ലഭ്യമാക്കുക. മുൻപ് ആന്ത്രോപിക്കിന്റെ ക്ലോഡ് മിത്തോസ് വികസിപ്പിച്ചപ്പോഴും സമാനമായ സുരക്ഷാ ആശങ്കകൾ ഉയർന്നിരുന്നു. അതിന്റെ വിവരങ്ങൾ പുറത്തുവന്നതോടെ ഇന്ത്യ, അമേരിക്ക, കാനഡ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾ ബാങ്ക് മേധാവികളുടെ അടിയന്തര യോഗം വിളിച്ച് സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. തുടര്ന്ന് ഓപ്പൺ എഐയും സുരക്ഷാ മോഡൽ കൊണ്ടുവന്നെങ്കിലും, മാസങ്ങൾക്ക് ശേഷം അതിനോട് കിടപിടിക്കുന്ന ചെലവുകുറഞ്ഞ എഐ മോഡൽ അവതരിപ്പിച്ച് വിപണിയെ ഞെട്ടിച്ചിരിക്കുകയാണ് ഗൂഗിൾ.







