യുഎസിലെ കെന്റക്കിയില്‍ ഹൈവേയില്‍ പട്രോളിങ് നടത്തുന്നതിനിടെ സംസ്ഥാന പൊലീസ് ഉദ്യോഗസ്ഥന് വെടിയേറ്റ് കൊല്ലപ്പെട്ടു. തിങ്കളാഴ്ചയാണ് സംഭവം. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ സംഭവവുമായി ബന്ധപ്പെട്ട പ്രതിയെ കസ്റ്റഡിയിലെടുത്തതായി പൊലീസ് വ്യക്തമാക്കി. ഹെയ്ഡന് ഫിലിപ്സ് എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടത്.
കെന്റക്കി സ്റ്റേറ്റ് പൊലീസ് ഉദ്യോഗസ്ഥന് വാറന്‍ കൗണ്ടിയിലെ ഇന്റര്‍സ്റ്റേറ്റ് 65ല്‍ പട്രോളിങ് നടത്തുന്നതിനിടെയാണ് ആക്രമണമുണ്ടായത്. 38-ാം മൈല്‍ മാര്‍ക്കറിന് സമീപത്തായിരുന്നു സംഭവം. കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.
വെടിവെപ്പിന് പിന്നാലെ പ്രതി സഞ്ചരിച്ചിരിക്കാമെന്ന് കരുതുന്ന നീല കലര്‍ന്ന ചാരനിറത്തിലുള്ള 2025 മോഡല്‍ ഹോണ്ട സിവിക് കാറിനെക്കുറിച്ച് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. പ്രതിയെ ലൂയിസ്വില് പൊലീസ് കസ്റ്റഡിയിലെടുത്തതായി അധികൃതര്‍ പിന്നീട് അറിയിച്ചു.







