വിദേശത്ത് ഉപരിപഠനത്തിനായി പോയി ദൈനംദിന ചെലവുകൾക്ക് പണമില്ലാതെ പ്രതിസന്ധിയിലായ വിദ്യാർത്ഥിനിക്ക് ആറ് ലക്ഷം രൂപ ധനസഹായം നൽകി തെലങ്കാന പൊതുമരാമത്ത് വകുപ്പ് മന്ത്രി കൊമതിറെഡ്ഡി വെങ്കട്ട് റെഡ്ഡി. ജർമനിയിൽ ഉന്നതപഠനത്തിന് എത്തിയ പരിമല എന്ന വിദ്യാർത്ഥിനിക്കാണ് സാങ്കേതിക തടസ്സങ്ങൾ കാരണം വിദേശ ബാങ്ക് അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കാൻ സാധിക്കാതെ വന്നത്. അക്കൗണ്ടിലെ തുക ലഭ്യമാകാത്തതിനാൽ നിത്യച്ചെലവുകൾക്ക് പോലും വഴിയില്ലാതെ ബുദ്ധിമുട്ടിയതോടെയാണ് വിദ്യാർത്ഥിനി മന്ത്രിയോട് സഹായം അഭ്യർത്ഥിച്ചത്.
നേരത്തെയും പരിമലയുടെ ഉന്നതപഠന ആവശ്യങ്ങൾക്കായി ‘കൊമതിറെഡ്ഡി പ്രതീക് റെഡ്ഡി ഫൗണ്ടേഷൻ’ മുഖേന 10 ലക്ഷം രൂപ നൽകിയിരുന്നു. തന്റെ മകൻ പ്രതീക് റെഡ്ഡിയുടെ സ്മരണാർത്ഥം മന്ത്രി രൂപീകരിച്ചതാണ് ഈ ഫൗണ്ടേഷൻ. വിദ്യാർത്ഥിനിയുടെ പഠനം പൂർത്തിയാകുന്നത് വരെ എല്ലാവിധ പിന്തുണയും തുടർന്നും ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പുനൽകി. പ്രതിസന്ധി ഘട്ടത്തിൽ സഹായമെത്തിച്ച മന്ത്രിയോട് നന്ദി അറിയിച്ചുകൊണ്ട് പരിമല ജർമനിയിൽ നിന്നും ഒരു വീഡിയോ സന്ദേശം പങ്കുവെച്ചു. തനിക്ക് അദ്ദേഹത്തോട് വലിയ ബഹുമാനമാണുള്ളതെന്നും, തന്റെ വിദ്യാഭ്യാസ കാര്യങ്ങളിൽ അദ്ദേഹം ശ്രദ്ധ പുലർത്തുന്നു എന്നറിയുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും പരിമല വീഡിയോയിലൂടെ വ്യക്തമാക്കി.








