newsroom@amcainnews.com

ഷഹബാസ് വധക്കേസ്: പ്രതിപക്ഷ വിദ്യാർത്ഥി യുവജന സംഘടനകളുടെ ശക്തമായ പ്രതിഷേധത്തിനിടെ പ്രതികളായ അഞ്ച് വിദ്യാർത്ഥികളും എസ്എസ്എൽസി പരീക്ഷയെഴുതി

കോഴിക്കോട്: പ്രതിപക്ഷ വിദ്യാർത്ഥി യുവജന സംഘടനകളുടെ ശക്തമായ പ്രതിഷേധത്തിനിടെ താമരശേരി ഷഹബാസ് വധക്കേസിലെ പ്രതികളായ അഞ്ച് വിദ്യാർത്ഥികളും എസ്എസ്എൽസി പരീക്ഷയെഴുതി. പ്രതികളെ പാർപ്പിച്ചിരിക്കുന്ന വെള്ളിമാടുകുന്ന് ജുവൈനൽ ഹോമിൽ തന്നെയാണ് ഇവർക്കായി പരീക്ഷ കേന്ദ്രമൊരുക്കിയത്. സംഘർഷവുമായി ബന്ധപ്പെട്ട 85 ഓളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം, ഷഹബാസ് വധക്കേസിൽ പ്രധാന പ്രതിയുടെ പിതാവിനെയും പ്രതി ചേർക്കാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം.

കേരളമെങ്ങുമുള്ള പത്താം ക്ലാസ് വിദ്യാർത്ഥികൾ ഏറെ പ്രതീക്ഷയോടെ പരീക്ഷ ഹാളിലേക്ക് എത്തുമ്പോൾ സഹപാഠികളുടെ ക്രൂരതയ്ക്കിരയായി ജീവൻപൊലിഞ്ഞ ഷഹബാസിനെക്കുറിച്ചുള്ള കണ്ണീരോർമകളിലാണ് പ്രിയപ്പെട്ടവർ. ഇതിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചെത്തിയ പ്രതിപക്ഷ വിദ്യാർത്ഥ സംഘടനകളുടെ പല വിധത്തിലുള്ള പ്രതിഷേധ രൂപങ്ങൾ, പൊലീസുമായുളള സംഘർഷം. ഇതിനെല്ലാം നടുവിൽ വെള്ളിമാട് കുന്ന് ജുവൈനൽ ഹോമിൽ പ്രത്യേകം തയ്യാറാക്കിയ പരീക്ഷ കേന്ദ്രത്തിൽ ഷഹബാസ് വധക്കേസിലെ പ്രതികളായ അഞ്ച് പേരും എസ്എസ്എൽസി പരീക്ഷയെഴുതി. ജുവനൈൽ ജസ്റ്റിസ് ബോർഡ് അനുമതി നൽകിയിരുന്നെങ്കിലും കനത്ത പ്രതിഷേധം ഉറപ്പായതിനാൽ ഇവർ പഠിച്ചിരുന്ന താമരശ്ശേരി സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ ഇവരെ പരീക്ഷയ്ക്ക് എത്തിക്കാനാകില്ലെന്ന് വ്യക്തമായതോടെ മറ്റ് സാധ്യതകൾ പൊലീസും വിദ്യാഭ്യാസ വകുപ്പും തേടിയിരുന്നു.

പ്രതികളെ പാർപ്പിച്ചിരുന്ന വെളളിമാട് കുന്ന് ജുവനൈൽ ഹോമിന് പരിസരത്തെ സ്കൂളുകളാണ് പരിഗണിച്ചത് എങ്കിലും അവിടേക്കും പ്രതിഷേധം വ്യാപിക്കുമെന്നതിനാൽ ജുവനൈൽ ഹോം തന്നെ പരീക്ഷ കേന്ദ്രമാക്കാൻ തീരുമാനിക്കുകയായിരുന്നു. കെഎസ്‍യു യൂത്ത് കോൺഗ്രസ് എംഎസ്എഫ് തുടങ്ങിയ സംഘടനകളുടെ ജില്ലാ സംസ്ഥാന നേതാക്കളെല്ലാം ജുവനൈൽ ഹോമിന് മുന്നിൽ പ്രതിഷേധവുമായെത്തി. ഇവരെയെല്ലാം കസ്റ്റഡിയിലെടുത്ത് നീക്കി. 12 മണിയോടെ പരീക്ഷ പൂർത്തിയായ ശേഷം വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ മടങ്ങി. പ്രതികൾക്ക് ഇന്ന് തന്നെ പരീക്ഷയെഴുതാൻ അവസരമൊരുക്കിയത് തെറ്റായ സന്ദേശം നൽകുമെന്ന് ഷഹബാസിൻറെ പിതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു.

അതിനിടെ, കേസ് അന്വേഷിക്കുന്ന താമരശേരി പൊലീസ് പ്രധാന പ്രതിയുടെ പിതാവിനെയും കേസിൽ പ്രതി ചേർക്കാനുളള നടപടി തുടങ്ങി. ഷഹബാസിനെ ആക്രമിക്കാനുള്ള നഞ്ചക്ക് കൈമാറിയത് ഇയാളാണെന്ന നിഗമനത്തിലാണ് ഈ നീക്കം. ഇയാൾ താമരശേരി പെലീസ് രജിസ്റ്റർ ചെയ്ത വിവിധ കേസുകളിൽ പ്രതിയാണ്. ഇയാളുടെ ക്വട്ടേഷൻ രാഷ്ട്രീയ ബന്ധങ്ങളുടെ തെളിവും പുറത്ത് വന്നിരുന്നു. കേസിലെ പ്രതിയായ മറ്റൊരു വിദ്യാർത്ഥിയുടെ പിതാവ് പൊലീസ് ഡ്രൈവറാണ്. ജില്ലയിലെ ഒരു ഉയർന്ന പൊലീസ് ഉദ്യോഗസ്ഥൻറെ ഡ്രൈവറാണ് ഇയാളിപ്പോൾ. പ്രധാന പ്രതി ഉൾപ്പെടെ മൂന്ന് പ്രതികൾക്കും കഴിഞ്ഞ വർഷം താമരശേരി സ്കൂളിലുണ്ടായ സംഘർഷത്തിൽ വ്യക്തമായ പങ്കുണ്ടായിരുന്നു. അന്ന് ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായിരുന്ന ഇവർ ട്യൂഷൻ കഴിഞ്ഞ് വരികയായിരുന്ന എട്ടാം ക്ലാസുകാരെ ആക്രമിക്കുകയും ഒരു വിദ്യാർത്ഥിനിക്ക് ഉൾപ്പെടെ പരിക്കേൽക്കുകയും ചെയ്തിരുന്നു.

You might also like

കാനഡയില്‍ രാജ്യാന്തര വിദ്യാര്‍ത്ഥി വീസ സമ്പ്രദായം പുനഃപരിശോധിക്കും

ട്രാന്‍സ്ജെന്‍ഡര്‍ ഹെല്‍ത്ത്കെയര്‍ ബില്‍: വിധിക്കെതിരെ ആല്‍ബര്‍ട്ട സര്‍ക്കാര്‍

ഇം​ഗ്ലീഷ് അറിയില്ല, അമേരിക്കയിൽ ബന്ധുക്കളും സുഹൃത്തുക്കളും ഇല്ല! ‘വിവാഹത്തിന്’ യുഎസിലെത്തിയ ഇന്ത്യൻ യുവതിയെ കാണാതായെന്ന് പരാതി

ആണവപദ്ധതിയുമായി മുന്നോട്ട് പോയാല്‍ ഇറാനെ വീണ്ടും ആക്രമിക്കുമെന്ന് ഡോണള്‍ഡ് ട്രംപ്

പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം കാൽഗറിയിലെ ജലവിതരണത്തിൽ വീണ്ടും ഫ്ലൂറൈഡ് ചേർത്തു തുടങ്ങി; കാരണം ഇതാണ്…

ഗാസ വെടിനിർത്തൽ: ട്രംപിന്റെ ചര്‍ച്ചാപാടവത്തെ പ്രശംസിച്ച് മസ്‌ക്

Top Picks for You
Top Picks for You