ടെക്ക് മേഖലയിൽ പുത്തൻ ചർച്ചയ്ക്ക് വഴിയൊരുക്കി ചൈനീസ് എഐ ടൂളായ “ഡീപ്പ് സീക്ക്”. ജനുവരി 20-ണ് പുറത്തിറങ്ങിയ ചൈനീസ് എഐ ചാറ്റ് ബോട്ടായ ഡീപ്പ് സീക്ക് ടെക് ലോകം കീഴടക്കിയ എഐ ടൂളുകളായ ചാറ്റ് ജിപിടി, ജെമിനി തുടങ്ങിയവയെല്ലാം മറികടന്നാണ് മുന്നേറുന്നത്. ദിവസങ്ങൾക്കുള്ളിൽ ആപ്പിൾ സ്റ്റോറിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സൗജന്യ ആപ്പായും ഇതുമാറി.
വൻ ജനപ്രീതിയാണ് ആപ്പിന് ലഭിച്ചതെന്നും റിപ്പോർട്ടുകൾ പറയുന്നു. ഇതോടെ, എഐ ചിപ്പ് നിർമാതാക്കളായ കമ്പനികളുടെ ഓഹരികൾ കൂപ്പുകുത്തി. ചൈനയിലെ ഹാങ്‌ഷൗവിൽ പ്രവർത്തിക്കുന്ന കമ്പനി വികസിപ്പിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടൂളാണ് ഡീപ്‌സീക്ക്. 2023 ജൂലൈയിലാണ് കമ്പനിയുടെ ഔദ്യോഗിക തുടക്കമെങ്കിലും ജനുവരി പത്തിന് ഡീപ് സീക്കിന്റെ എഐ പവർഡ് ചാറ്റ്ബോട്ട് അവതരിപ്പിച്ചതോടെയാണ് കളിമാറിയത്.